കുവൈത്ത്സിറ്റി: ശനിയാഴ്ച പുലർച്ചെ കുവൈറ്റിലെ തന്ത്രപ്രധാനമായ വിവിധ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ക്രിമിനൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ കുവൈറ്റ് ഭരണകൂടം അതീവ ശക്തമായ ഭാഷയിൽ അപലപിച്ചു. രാജ്യത്തെ മറ്റൊരു വൈദ്യുതി-ശുദ്ധജല ഉൽപ്പാദന പ്ലാന്റ്, ഓയിൽ സെക്ടർ സ്ഥാപനങ്ങൾ, മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഇതേത്തുടർന്ന് ഈ കേന്ദ്രങ്ങളിൽ വൻ തീപിടിത്തമുണ്ടാകുകയും വ്യാപകമായ നാശനഷ്ടങ്ങൾക്കും ജീവനക്കാരുടെ പരിക്കുകൾക്കും കാരണമാകുകയും ചെയ്തു.തുടർച്ചയായി ഇത്തരം തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് സിവിലിയൻമാരുടെ ജീവനും സുരക്ഷിതത്വത്തിനും ഭീഷണിയുയർത്തുന്ന ഇറാന്റെ ആസൂത്രിതമായ ആക്രമണ ശൈലിയാണ് വെളിപ്പെടുത്തുന്നതെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച മന്ത്രാലയം, ആക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇറാനാണെന്നും ഇത് ഉടനടി നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടു.
യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 അനുസരിച്ച് രാജ്യത്തിന്റെ സുരക്ഷയും ഭൂപ്രദേശങ്ങളും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കുവൈറ്റിന് അവകാശമുണ്ടെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.അതേസമയം, ശനിയാഴ്ച പുലർച്ചെ മുതൽ കുവൈറ്റ് വ്യോമാതിർത്തിക്കുള്ളിലേക്ക് കടന്നുകയറിയ ശത്രുതാപരമായ ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും സായുധ സേന വിജയകരമായി കണ്ടെത്തി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ പലയിടങ്ങളിലായി വീണ് വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ സൗദ് അൽ-അത്വാൻ വ്യക്തമാക്കി.



