കുവൈറ്റ് സിറ്റി: കുവൈറ്റിൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ സുപ്രധാന വിധിപ്രസ്താവങ്ങളുമായി സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീൽ കോടതി. രാജ്യത്ത് ആഭ്യന്തര കലഹത്തിന് പ്രേരിപ്പിക്കൽ, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ, ഇറാന്റെ സൈനിക നീക്കങ്ങൾക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ട കേസുകളിലാണ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. ഇറാന്റെ ആക്രമണങ്ങളെ പിന്തുണയ്ക്കുകയും രാജ്യത്ത് വിദ്വേഷം വളർത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ മുൻ പൈലറ്റിന് വിചാരണക്കോടതി വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി പൂർണ്ണമായും ശരിവെച്ചു. ശിക്ഷിക്കപ്പെട്ട മുൻ പൈലറ്റ് മുൻപും സമാനമായ രാജ്യസുരക്ഷാ കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ഇതേ സെഷനിൽ പരിഗണിച്ച മറ്റ് ചില നിർണ്ണായക കേസുകളിൽ കോടതി ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് കലാപശ്രമം നടത്തിയെന്ന കുറ്റാരോപണം നേരിട്ട മുൻ പാർലമെന്റ് സ്ഥാനാർത്ഥിയെയും, വ്യാജവാർത്തകൾ ചമച്ചു എന്ന പേരിൽ പ്രതിക്കൂട്ടിലായ പ്രമുഖ മാധ്യമപ്രവർത്തകനെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. ഇരുവരെയും വിട്ടയച്ചുകൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവുകൾ അപ്പീൽ കോടതി ശരിവെയ്ക്കുകയായിരുന്നു.
ഇതുകൂടാതെ, മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന കേസിലും കോടതിയുടെ നിർണ്ണായക ഇടപെടലുണ്ടായി. കുവൈറ്റിലെ ഒരു പ്രമുഖ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തകൾ തങ്ങൾക്ക് അപകീർത്തികരമാണെന്ന് കാണിച്ച് ഇറാൻ എംബസി ഫയൽ ചെയ്ത കേസിൽ, പ്രസ്തുത പത്രത്തെ കുറ്റവിമുക്തമാക്കിയ വിധി അപ്പീൽ കോടതി നിലനിർത്തി.



