കുവൈത്ത്സിറ്റി: രാജ്യത്തെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെത്തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നേരിടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുവൈത്ത് ജനറൽ ഫയർ ഫോഴ്‌സ് ജാഗ്രത ശക്തമാക്കി. നിലവിലെ സാഹചര്യത്തിൽ 27 അധിക ടീമുകളെ കൂടി രൂപീകരിച്ചതായും ഇവരെ രാജ്യത്തെ വിവിധ സുപ്രധാന കേന്ദ്രങ്ങളിൽ വിന്യസിച്ചതായും ഫയർ ഫോഴ്‌സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് അറിയിച്ചു. ഏത് അടിയന്തര സാഹചര്യത്തിലും അതീവ വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കാൻ ഈ ടീമുകൾക്ക് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധി ആരംഭിച്ച ഘട്ടം മുതൽ കര, കടൽ, വിമാനത്താവളം എന്നിവിടങ്ങളിലെ എല്ലാ ഫയർ സ്റ്റേഷനുകളും പൂർണ്ണ സജ്ജമാണെന്ന് അൽ-ജരീദ പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ പതിച്ചുണ്ടാകുന്ന തീപിടുത്തങ്ങൾ നേരിടാൻ അഗ്നിശമന സേനാംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. സൈനിക, സിവിലിയൻ വിഭാഗങ്ങളുമായി ഏകോപനം ഉറപ്പാക്കിയതിനാൽ റെക്കോർഡ് വേഗത്തിൽ അപകടസ്ഥലങ്ങളിൽ എത്താൻ സേനയ്ക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും കിംവദന്തികളും പ്രചരിക്കുന്നത് തടയാൻ മന്ത്രാലയം പ്രത്യേക മീഡിയ സെന്റർ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും പരിഭ്രാന്തി ഒഴിവാക്കാനും സാധിക്കുന്നുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ സംരക്ഷണത്തിനുമായി അതീവ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണ് ഫയർ ഫോഴ്‌സ് നിലവിൽ നടത്തിവരുന്നത്.
