കുവൈത്ത് സിറ്റി: രാജ്യത്ത് 517 ഔഷധങ്ങൾക്കും അനുബന്ധ ഉൽപ്പന്നങ്ങൾക്കും വില കുറച്ചുകൊണ്ട് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൾ വഹാബ് അൽ-അവാദി ഉത്തരവിറക്കി. പുതിയ പ്രഖ്യാപനത്തോടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിലക്കുറവ് പ്രാബല്യത്തിൽ വന്ന മരുന്നുകളുടെ ആകെ എണ്ണം 2,760 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. ജി.സി.സി രാജ്യങ്ങളിൽ തന്നെ മരുന്നുകൾക്ക് ഏറ്റവും കുറഞ്ഞ നിരക്ക് ലഭ്യമാക്കുന്ന രാജ്യമായി കുവൈത്ത് ഇതോടെ മാറിയിരിക്കുകയാണ്.
ക്യാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ, കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ആധുനിക ഔഷധങ്ങൾ, അപസ്മാരം, അലർജി, വേദന സംഹാരികൾ, ആന്റിബയോട്ടിക്കുകൾ, ആന്റിഫംഗൽ മരുന്നുകൾ, പുകവലി വിരുദ്ധ ഔഷധങ്ങൾ തുടങ്ങി ദൈനംദിന ജീവിതത്തിൽ അത്യാവശ്യമായ നിരവധിയായ മരുന്നുകൾ ഈ വിലക്കുറവിന്റെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. വിപണിയിലെ അന്താരാഷ്ട്ര, പ്രാദേശിക മാനദണ്ഡങ്ങളും മറ്റ് റഫറൻസ് വിപണികളിലെ നിരക്കുകളും അടിസ്ഥാനമാക്കി നടത്തിയ സാങ്കേതിക പഠനങ്ങൾക്കൊടുവിലാണ് പുതിയ കുറഞ്ഞ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്.
വിപണിയിൽ ആരോഗ്യകരമായ മത്സരശേഷിയും ന്യായമായ വിലനിലവാരവും ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മരുന്നുകളുടെ ഗുണനിലവാരത്തിലും ഫലപ്രാപ്തിയിലും യാതൊരു വിട്ടുവീഴ്ചയും വരുത്താതെ തന്നെ സാധാരണക്കാരായ രോഗികൾക്ക് താങ്ങാനാവുന്ന നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.



