കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികൾക്ക് ആശ്വാസമേകുന്ന വലിയൊരു മാനുഷിക നടപടിയുമായി റെസിഡൻസി ജനറൽ ഡിപ്പാർട്ട്‌മെന്റ്. പാസ്‌പോർട്ട് കാലാവധി അവസാനിക്കുകയും എന്നാൽ വിവിധ കാരണങ്ങളാൽ അവ പുതുക്കാൻ സാധിക്കാതെ വരികയും ചെയ്ത പ്രവാസികൾക്ക്, തങ്ങളുടെ എംബസികൾ വഴി കാലാവധി നീട്ടിനൽകിയ പാസ്‌പോർട്ടുകൾ ഔദ്യോഗിക ഇടപാടുകൾക്കായി ഉപയോഗിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. താമസകാര്യ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഫരീദ് അൽ മുതൈരിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിൽ മേഖലയിലുള്ള പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് സേവനങ്ങൾ സുഗമമാക്കുന്നതിനും അപേക്ഷകരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുമാണ് ഈ പുതിയ തീരുമാനം. ഇതനുസരിച്ച്, പുതിയ പാസ്‌പോർട്ട് ലഭിക്കാത്തവർക്ക് എംബസി മുഖേന നീട്ടിക്കിട്ടിയ കാലാവധി രേഖപ്പെടുത്തിയ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് തങ്ങളുടെ വിസ സംബന്ധമായ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. എന്നാൽ ഇത്തരത്തിൽ നീട്ടിനൽകിയ പാസ്‌പോർട്ടുകളിൽ അത് വ്യക്തമാക്കുന്ന ഔദ്യോഗിക മുദ്ര ഉണ്ടായിരിക്കണം. കൂടാതെ, പാസ്‌പോർട്ടിന്റെ സാധുത സ്ഥിരീകരിച്ചുകൊണ്ട് കുവൈറ്റിലെ ബന്ധപ്പെട്ട എംബസി നൽകുന്ന കത്ത് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയിരിക്കണമെന്നും ഉത്തരവിൽ നിഷ്കർഷിക്കുന്നു.
താമസകാര്യ വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകൾക്കും ഈ നിർദ്ദേശം കർശനമായി പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അപേക്ഷകരെ ബുദ്ധിമുട്ടിക്കാതെ ഈ മാനദണ്ഡങ്ങൾ പാലിച്ച് സേവനങ്ങൾ ഉറപ്പാക്കണമെന്നാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഒട്ടനവധി പ്രവാസികൾക്ക് തങ്ങളുടെ റെസിഡൻസി നടപടികൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ ഈ തീരുമാനം വലിയ തോതിൽ സഹായകമാകും.
