കുവൈറ്റ് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കുവൈറ്റിലെ ആകെ ജനസംഖ്യ 53.1 ലക്ഷം (5.31 മില്യൺ) കവിഞ്ഞു. ആകെ ജനസംഖ്യയുടെ 30 ശതമാനം മാത്രമാണ് കുവൈറ്റ് പൗരന്മാരുള്ളത്. 15.6 ലക്ഷമാണ് (1.56 മില്യൺ) കുവൈറ്റികളുടെ എണ്ണം. എന്നാൽ രാജ്യത്തെ 70 ശതമാനം വരുന്ന ഭൂരിഭാഗവും വിദേശികളായ പ്രവാസികളാണ്. 37.4 ലക്ഷം (3.74 മില്യൺ) വിദേശികളാണ് നിലവിൽ കുവൈറ്റിൽ വസിക്കുന്നത്.
രാജ്യത്തെ പ്രവാസി സമൂഹങ്ങളിൽ എണ്ണത്തിൽ ഏറ്റവും മുന്നിൽ ഇന്ത്യക്കാരാണ്. 10.6 ലക്ഷത്തോളം (1.06 മില്യൺ) ഇന്ത്യക്കാരാണ് കുവൈറ്റിലുള്ളത്. ഇത് ആകെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരും. 6,70,000 ആളുകളുമായി (13 ശതമാനം) ഈജിപ്തുകാർ രണ്ടാമതും, 3,33,060 ആളുകളുമായി (6 ശതമാനം) ബംഗ്ലാദേശികൾ മൂന്നാമതുമുണ്ട്. തുടർന്ന് ഫിലിപ്പീൻസ് (2,26,500 – 4 ശതമാനം), സിറിയ (2,01,500 – 4 ശതമാനം), ശ്രീലങ്ക (1,97,400 – 4 ശതമാനം), നേപ്പാൾ (1,86,600 – 4 ശതമാനം), സൗദി അറേബ്യ (1,55,500 – 3 ശതമാനം), പാകിസ്ഥാൻ (1,05,700 – 2 ശതമാനം) എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിൽ തൽസ്ഥാനങ്ങളിലുള്ളത്.
പ്രായപരിധി തിരിച്ചു പരിശോധിക്കുമ്പോൾ, തൊഴിൽ ശേഷിയുള്ളവരുടെ വലിയൊരു നിര രാജ്യത്തുണ്ടെന്ന് കാണാം. 15 മുതൽ 64 വയസ്സ് വരെയുള്ള ഉൽപ്പാദനക്ഷമമായ പ്രായത്തിലുള്ളവരുടെ എണ്ണം 42.8 ലക്ഷമാണ് (81 ശതമാനം). എന്നാൽ 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം 8.70 ലക്ഷവും (16 ശതമാനം), 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാരുടെ എണ്ണം 1.58 ലക്ഷവുമാണ് (3 ശതമാനം). താമസരീതികൾ അനുസരിച്ച്, 42.1 ലക്ഷത്തോളം ആളുകൾ സ്വകാര്യ വീടുകളിലും ബാക്കിയുള്ള 10.9 ലക്ഷം ആളുകൾ ലേബർ ക്യാമ്പുകൾ ഉൾപ്പെടെയുള്ള കൂട്ടായ താമസസൗകര്യങ്ങളിലുമാണ് വസിക്കുന്നത്.



