കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ ശുചിത്വം ഉറപ്പുവരുത്തുന്നതിനും അനധികൃത റോഡ് കൈയേറ്റങ്ങൾ തടയുന്നതിനുമായി കുവൈറ്റ് മുനിസിപ്പാലിറ്റി പരിശോധനകൾ ശക്തമാക്കി. വിവിധ ഗവർണറേറ്റുകളിൽ നടത്തിയ മിന്നൽ പരിശോധനകളിൽ ഡസൻ കണക്കിന് നിയമലംഘനങ്ങൾ കണ്ടെത്തുകയും നൂറുകണക്കിന് മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു. പൊതുസ്ഥലങ്ങളിലെ തടസ്സങ്ങൾ നീക്കം ചെയ്യാനും നഗരസൗന്ദര്യം നിലനിർത്താനുമുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മുനിസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു.
തലസ്ഥാന ഗവർണറേറ്റിൽ നടന്ന വിപുലമായ പരിശോധനയിൽ ശുചിത്വമില്ലായ്മ, റോഡ് കൈയേറ്റം, അനധികൃത തെരുവ് കച്ചവടം എന്നിവയുമായി ബന്ധപ്പെട്ട് 78 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഇതിനുപുറമെ, 971 മുന്നറിയിപ്പുകളും സ്റ്റിക്കറുകളും നിയമലംഘകർക്ക് നൽകിയിട്ടുണ്ട്. റോഡുകളിലും പൊതുസ്ഥലങ്ങളിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 58 വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു. ജനവാസ കേന്ദ്രങ്ങളിലും വ്യവസായ മേഖലകളിലും പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
നിയമലംഘനങ്ങൾ മുൻകൂട്ടി കണ്ടെത്താനും കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാനുമാണ് ഈ ഫീൽഡ് ഓപ്പറേഷനുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്യാപിറ്റൽ മുനിസിപ്പാലിറ്റി പബ്ലിക് ക്ലീൻലിനസ് വിഭാഗം ജനറൽ സൂപ്പർവൈസർ മിഷാരി അൽ മുതയാൻ പറഞ്ഞു. നഗരസഭയുടെ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ മേഖലകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
