കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ വൻ സുരക്ഷാ പരിശോധനയിൽ രണ്ട് ദിവസത്തിനിടെ 4,629 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി രാജ്യവ്യാപകമായി നടത്തിയ കർശന പരിശോധനയിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്.ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, റഡാറുകൾ വഴി കണ്ടെത്തിയ അമിതവേഗതയ്ക്കുള്ള കേസുകളാണ് പട്ടികയിൽ ഏറ്റവും മുന്നിലുള്ളത്; 149 നിയമലംഘനങ്ങൾ. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 124 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ, വിവിധ ആശുപത്രികളുടെ പരിസരങ്ങളിൽ നിയമവിരുദ്ധമായി വാഹനം പാർക്ക് ചെയ്തതിന് 223 പേർക്കെതിരെ അധികൃതർ പിഴ ചുമത്തി.ശക്തമായ ഈ പരിശോധനയുടെ ഭാഗമായി നിയമലംഘനം നടത്തിയ 74 വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. വിവിധ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏഴ് പേരെ മുൻകരുതൽ തടങ്കലിലാക്കി.
പ്രായപൂർത്തിയാകാത്ത 3 കുവൈറ്റ് പൗരന്മാരെ ജുവനൈൽ ഡിറ്റൻഷൻ സെന്ററിലേക്ക് റഫർ ചെയ്തതായും, കോടതി ഉത്തരവുകളെത്തുടർന്ന് പിടിച്ചെടുക്കാൻ തിരഞ്ഞിരുന്ന 6 വാഹനങ്ങൾ കണ്ടെടുത്തതായും ട്രാഫിക് വിഭാഗം അറിയിച്ചു.കൂടാതെ, പരിശോധനയിൽ വിസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്ന 10 പ്രവാസികളെ പിടികൂടിയിട്ടുണ്ട്. ഇവരെ നാടുകടത്തുന്നതിനായുള്ള തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങൾ കൃത്യമായി നടപ്പാക്കുന്നതിനും അശ്രദ്ധമായ ഡ്രൈവിംഗ് തടയുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.



