കുവൈത്തിൽ വർഷങ്ങളായി പണപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന 3,000 കുവൈത്തി ദിനാറിലേറെ കാണാതായതായി ഗൾഫ് സ്വദേശിനിയുടെ പരാതി.
അലി സബാഹ് അൽ സാലം പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ദീർഘകാലമായി വീട്ടിലെ പണപ്പെട്ടിയിൽ ചെറിയ തുകകളായി പണം നിക്ഷേപിച്ചുവരികയായിരുന്നുവെന്നും തന്റെ കണക്കനുസരിച്ച് സമ്പാദ്യം 3,000 ദിനാറിലധികം എത്തിയിരുന്നുവെന്നും യുവതി പറഞ്ഞു.സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് പണപ്പെട്ടി തുറന്നപ്പോഴാണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്. അകത്ത് വെറും 70 ദിനാർ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അവശേഷിച്ച ചില നോട്ടുകൾ കേടായ നിലയിലുമായിരുന്നു.
പണം ആരാണ് എടുത്തതെന്ന് സംശയിക്കുന്നതായി യുവതി ആരുടെയും പേര് പോലീസിനോട് പറഞ്ഞിട്ടില്ല.സംഭവത്തിൽ പോലീസ് മോഷണക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ വിഭാഗത്തിന് കൈമാറി. വീട്ടിൽ സൂക്ഷിച്ചിരുന്ന പണം എങ്ങനെ കാണാതായി എന്നതും ഇതിന് പിന്നിൽ ആരെങ്കിലും ഉണ്ടോയെന്നതും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



