കുവൈത്ത് സിറ്റി: രാജ്യത്ത് വെള്ളിയാഴ്ച ഉച്ചവരെ മഴ തുടരുമെന്നും ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനൊപ്പം രണ്ട് ദിവസത്തേക്ക് മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഉപരിതലത്തിലെ താഴ്ന്ന മർദ്ദവും ചൂടും ഈർപ്പവുമുള്ള വായു പ്രവാഹവും മുകളിലെ അന്തരീക്ഷത്തിലെ തണുത്ത വായു പ്രവാഹവുമായി ചേർന്നതാണ് ഈ കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണമെന്ന്. ഇതിന്റെ ഫലമായി താഴ്ന്നതും മധ്യനിലയിലുമുള്ള മേഘങ്ങൾ വർധിക്കുകയും ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുകയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ദറാർ അൽ-അലി കുവൈത്ത് ന്യൂസ് ഏജൻസിയായ KUNAയോട് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചവരെ മഴയ്ക്കുള്ള സാധ്യത തുടരുമെന്നും, വടക്കുപടിഞ്ഞാറൻ കാറ്റ് പിന്നീട് തെക്ക്-കിഴക്കൻ ദിശയിലേക്ക് മാറി മിതമായ വേഗത്തിൽ വീശുമെന്നും ചില സമയങ്ങളിൽ കാറ്റിന്റെ ശക്തി കൂടാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാറ്റിന്റെ ശക്തി വർധിക്കുന്നതോടെ കടലിൽ തിരമാലകൾ ആറടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

