കുവൈറ്റ് സിറ്റി : കുവൈത്തിലെ ഹവല്ലി ഗവർണറേറ്റിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 13 നിയമലംഘനങ്ങൾ കണ്ടെത്തിയതായി വ്യാപാര-വ്യവസായ മന്ത്രാലയം അറിയിച്ചു. വാണിജ്യ-വ്യവസായ മന്ത്രി ഒസാമ ഖാലിദ് ബുദൈയുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകുന്നേരം നടത്തിയ അടിയന്തര പരിശോധനാ നടപടികളിലാണ് ഈ ലംഘനങ്ങൾ കണ്ടെത്തിയത്.
ഭക്ഷ്യവസ്തുക്കളുടെ വിലനിയന്ത്രണ നിയമങ്ങൾ പാലിക്കാത്തത്, നിശ്ചിത വിലയെക്കാൾ കൂടുതലായി സാധനങ്ങൾ വിൽക്കൽ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ ലംഘനങ്ങൾ. ഇതിന് പുറമെ വില പ്രദർശിപ്പിക്കാതിരിക്കുക, പ്രമോഷൻ ഓഫറുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ, ഇൻവോയിസ് നൽകാതിരിക്കുക, ഉൽപ്പന്നത്തിന്റെ ഉത്ഭവരാജ്യം വ്യക്തമാക്കാതിരിക്കുക തുടങ്ങിയവയും കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കി.
വിപണികളെ നിരീക്ഷിക്കുകയും വില നിയന്ത്രിക്കുകയും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുകയും സ്ഥാപനങ്ങൾ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി പരിശോധനാ നടപടികൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

