കുവൈറ്റ് സിറ്റി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ മുൻനിർത്തി യുവജന കേന്ദ്രങ്ങളുടെ പ്രവർത്തനസജ്ജത നേരിട്ട് വിലയിരുത്തുന്നതിനായി യുവജന കായിക കാര്യ സഹമന്ത്രി ഡോ. താരിഖ് അൽ ജലാഹ്മ ജലീബ് അൽ ഷുയൂഖ് മേഖലയിലെ യുവജന കേന്ദ്രത്തിൽ ഫീൽഡ് വിസിറ്റ് നടത്തി. കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ എത്രത്തോളം കാര്യക്ഷമമാണെന്നും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സജ്ജമാണെന്നും ഉറപ്പുവരുത്തുന്നതിനായിരുന്നു മന്ത്രിയുടെ സന്ദർശനം.
വിവിധ സർക്കാർ ഏജൻസികളുമായും സന്നദ്ധപ്രവർത്തകരുമായും ഏകോപിപ്പിച്ചു കൊണ്ട് യുവജന കേന്ദ്രങ്ങളെ പൂർണ്ണ സജ്ജമാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആക്ടിംഗ് ഡയറക്ടർ ജനറൽ നാസർ അൽ ഷെയ്ഖ് ഞായറാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ആവശ്യമുള്ള ഘട്ടങ്ങളിൽ ഭരണകൂടത്തിന് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകാൻ ഈ കേന്ദ്രങ്ങൾ സദാ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതോറിറ്റിയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്ന് ഉറപ്പാക്കാൻ മന്ത്രിക്ക് പ്രത്യേക താല്പര്യമുണ്ടെന്ന് അൽ ഷെയ്ഖ് കൂട്ടിച്ചേർത്തു. സംസ്ഥാന ഏജൻസികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് യുവജന കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇത്തരം ഫീൽഡ് വിസിറ്റുകൾ വഴി പ്രവർത്തനങ്ങളുടെ പോരായ്മകൾ പരിഹരിക്കാനും ഏകോപനം ശക്തമാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

