കുവൈത്ത്സിറ്റി: കുവൈറ്റിലെ സുപ്രധാന സർക്കാർ സംവിധാനങ്ങളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ആരംഭിച്ച ഇറാൻ്റെ ക്രൂരമായ ആക്രമണങ്ങൾ മുപ്പത്തിയെട്ടാം ദിവസമായ തിങ്കളാഴ്ച ജനവാസ മേഖലകളിലേക്കും വ്യാപിച്ചു. രാജ്യത്തിന്റെ വടക്കൻ മേഖലയിലുണ്ടായ ഷെല്ലാക്രമണത്തിലും മിസൈൽ ഭാഗങ്ങൾ ചിതറിത്തെറിച്ചും ആറ് സാധാരണക്കാർക്ക് പരിക്കേറ്റു. അന്താരാഷ്ട്ര നിയമങ്ങളെയും അയൽരാജ്യങ്ങൾ തമ്മിൽ പുലർത്തേണ്ട മര്യാദകളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് ഇറാൻ കുവൈറ്റിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത്.
പരിക്കേറ്റവരുടെ നില ഗുരുതരമല്ലെങ്കിലും ചിലർക്ക് ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും സ്ഫോടനത്തിന്റെ പ്രകമ്പനം മൂലം കേൾവിക്കുറവും സംഭവിച്ചിട്ടുണ്ട്. ഇവരെ ഉടൻ തന്നെ അൽ-ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്. സാധാരണക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.കുവൈറ്റ് സിറ്റിയുടെ ഹൃദയഭാഗത്തുള്ള മന്ത്രാലയ സമുച്ചയത്തിന് നേരെ നടന്ന ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കങ്ങൾ ഉണ്ടായത്. ദിവസേന നൂറുകണക്കിന് സ്വദേശികളും വിദേശികളും വിവിധ സേവനങ്ങൾക്കായി എത്തുന്ന ഇടമാണ് മന്ത്രാലയ സമുച്ചയം.
ഇതിന് പുറമെ ഷുവൈഖിലെ ഓയിൽ സെക്ടർ കോംപ്ലക്സ്, രണ്ട് പ്രമുഖ എണ്ണക്കമ്പനികൾ, രണ്ട് വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റുകൾ എന്നിവയ്ക്ക് നേരെയും കഴിഞ്ഞ മണിക്കൂറുകളിൽ ആക്രമണമുണ്ടായി. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെയും ജനജീവിതത്തെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് പ്രതിരോധ സേന നേരിടുന്നത്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സൈന്യം സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.
