തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. അട്ടക്കുളങ്ങര സര്‍ക്കാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ കെട്ടിടത്തിലെ സര്‍വ ശിക്ഷാ അഭിയാന്റെ ഓഫീസ് കെട്ടിടത്തിന്റെ മുറിയുടെ മേൽക്കൂരയാണ് തകര്‍ന്നു വീണത്. ജീവനക്കാരും വിദ്യാര്‍ത്ഥികളും ഇറങ്ങിയശേഷമാണ് അപകടമുണ്ടായതെന്നതിനാൽ വന്‍ ദുരന്തമാണ് ഒഴിവായത്. ഓടിട്ട കെട്ടിടമാണ് തകര്‍ന്നുവീണത്. ഫയര്‍ഫോഴ്‌സ് അടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
നിലവില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമല്ല തകര്‍ന്ന് വീണതെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രതികരിച്ചു. ഒഴിഞ്ഞു കിടന്ന കെട്ടിടത്തില്‍ എസ്എസ്‌കെയുടെ ഓഫീസ് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ഏത് തരത്തിലുള്ള ഓഫീസ് പ്രവര്‍ത്തിക്കുകയാണെങ്കിലും ഫിറ്റ്‌നസ് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേല്‍ക്കൂരയുടെ ഭാഗത്ത് പ്രവര്‍ത്തി നടത്താന്‍ ഹെറിറ്റേജ് സംരക്ഷിക്കേണ്ടത് കൊണ്ട് അനുവാദം കിട്ടിയില്ലെന്നാണ് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി. പഴയ കെട്ടിടമാണ്. കൃത്യമായ മറുപടി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യജീവന്‍ വിലപ്പെട്ടതാണ്. ആരുടെ ഭാഗത്താണ് വീഴ്ച വന്നതെന്ന് പരിശോധിച്ച് നടപടിയുണ്ടാകും. മണ്‍സൂണ്‍ കാലത്ത് അപകടകരമായ മരങ്ങള്‍ വെട്ടിമാറ്റണമെന്ന നിര്‍ദേശം നിലവില്‍ കൊടുത്തതാണ്. അതും കൂടി പ്രത്യേകം പരിശോധിക്കും. താഴെ തട്ട് മുതല്‍ പരിശോധന നടത്തും. തിരുത്തേണ്ടത് തിരുത്തും’, ഷംസുദ്ദീന്‍ പറഞ്ഞു.

