കുവൈറ്റ് സിറ്റി: രാജ്യത്തെ പൊതുശുചിത്വം ഉറപ്പുവരുത്തുന്നതിനും നഗരസഭാ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുമായി വിവിധ ഗവർണറേറ്റുകളിൽ പരിശോധന ശക്തമാക്കി കുവൈറ്റ് മുനിസിപ്പാലിറ്റി. പൊതുസ്ഥലങ്ങളുടെ ദുരുപയോഗം തടയുക, നിയമലംഘകരെ കണ്ടെത്തുക, അവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഫീൽഡ് ടീമുകളുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധനാ കാമ്പെയ്‌നുകൾ തുടരുന്നത്.റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ മേഖലകളിലെ ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിനും റോഡുകൾ കൈയേറി ഗതാഗത തടസ്സവും കാഴ്ച്ചാ വൈകല്യവും ഉണ്ടാക്കുന്ന നിയമലംഘനങ്ങൾ നീക്കം ചെയ്യുന്നതിനും അധികൃതർ പ്രത്യേക മുൻഗണന നൽകുന്നുണ്ട്.
ഇതിന്റെ ഭാഗമായി ഹവല്ലി ഗവർണറേറ്റിൽ പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കിയതായി നഗരസഭ അറിയിച്ചു. ഗവർണറേറ്റിലുടനീളം ശുചിത്വം നിലനിർത്തുന്നതിനും പൊതുസ്ഥലങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുമുള്ള സമഗ്രമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നടപടി.ഏറ്റവും പുതിയ കാമ്പെയ്‌ന്റെ ഭാഗമായി ഹവല്ലിയിൽ മാത്രം പൊതുശുചിത്വം ലംഘിച്ചതിനും പൊതുമുതൽ കൈയേറിയതിനും 35 നിയമലംഘനങ്ങൾ അധികൃതർ രേഖപ്പെടുത്തി.
വഴിവിളക്കുകൾക്കും റോഡുകൾക്കും തടസ്സമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 33 പഴയ സ്‌ക്രാപ്പ് വാഹനങ്ങൾ അധികൃതർ സ്ഥലത്തുനിന്നും നീക്കം ചെയ്തു. കൂടാതെ, നിയമങ്ങൾ പാലിക്കാത്ത 156 കെട്ടിടങ്ങളിലും വാഹനങ്ങളിലും മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിക്കുകയും ചെയ്തു. നഗരഭംഗി നിലനിർത്തുന്നതിനും നഗരസഭാ നിയമങ്ങൾ പൂർണ്ണമായി നടപ്പിലാക്കുന്നതിനുമായി കുവൈറ്റിലുടനീളം വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

