തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തേ ഒന്‍പത് ജില്ലകളിലായിരുന്നു മഴ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ കൂടി മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ടായി. കോഴിക്കോട് ജില്ലയില്‍ ഇടത്തരം അല്ലെങ്കില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്‍പത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കോഴിക്കോടിന് പുറമേ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്.
നാളെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല. അതേസമയം ഞായര്‍ (31-05-2026), തിങ്കള്‍ (01-06-2026), ചൊവ്വ (02-06-2026) ദിവസങ്ങളില്‍ മഴ മുന്നറിയിപ്പുണ്ട്. ഞായറാഴ്ച അഞ്ച് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അഞ്ച് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ മുന്നറിയിപ്പുള്ള ഇടങ്ങളിൽ പ്രധാന റോഡുകളില്‍ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ടാകാം. മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേക്കാം. വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യതയുണ്ടെന്നും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്ക് നാശമുണ്ടാക്കാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരണമെന്നും നിര്‍ദേശമുണ്ട്.

