കുവൈറ്റ് സിറ്റി: തൊഴിൽ അന്തരീക്ഷം കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്നതിന്റെ ഭാഗമായി വേനൽക്കാലത്തെ ഔദ്യോഗിക പ്രവൃത്തിസമയങ്ങളിൽ മാറ്റം വരുത്തി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഭരണപരമായ സർക്കുലർ പുറപ്പെടുവിച്ചു. 2026 ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് പുതിയ സമയക്രമം ബാധകമാകുക. പുതിയ നിർദ്ദേശപ്രകാരം പ്രതിദിന ജോലി സമയത്തിൽ ഒരു മണിക്കൂറിന്റെ കുറവ് വരുത്തിയിട്ടുണ്ട്. ഇതോടെ ജീവനക്കാരുടെ ആകെ പ്രവൃത്തിസമയം പ്രതിദിനം ആറ് മണിക്കൂറായി ചുരുങ്ങും.രാവിലെ ജോലിക്ക് പ്രവേശിക്കുന്നവർക്ക് ഹാജർ രേഖപ്പെടുത്താനായി ഏഴ് മണി മുതൽ എട്ട് മണി വരെ സമയം അനുവദിക്കും.
എട്ട് മണിക്ക് ശേഷം എത്തുന്നവർക്ക് 30 മിനിറ്റ് ഇളവ് ലഭിക്കുമെങ്കിലും ആറ് മണിക്കൂർ ജോലി പൂർത്തിയാക്കിയ ശേഷമേ മടങ്ങാൻ അനുവാദമുള്ളൂ. വനിതാ ജീവനക്കാർക്ക് ദിവസേന 15 മിനിറ്റ് നേരത്തെ ഇറങ്ങാൻ അനുമതിയുണ്ട്. രാവിലെ അനുവദിച്ച പ്രത്യേക ഇളവ് ഉപയോഗപ്പെടുത്താത്തവർക്ക് ഇതിനൊപ്പം 30 മിനിറ്റ് അധിക ഇളവും ലഭിക്കും.വൈകുന്നേരത്തെ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് വൈകിട്ട് 5:00 മുതൽ രാത്രി 9:30 വരെയായിരിക്കും പ്രവൃത്തിസമയം. ഈ ഷിഫ്റ്റിലുള്ളവർക്ക് പ്രതിദിനം നാലര മണിക്കൂർ ജോലി ഉണ്ടാകുമെന്നതിനൊപ്പം ഹാജരാകാൻ 30 മിനിറ്റിന്റെ ഇളവും അനുവദിച്ചിട്ടുണ്ട്.
അതേസമയം ശമ്പളമില്ലാതെ ജോലി സമയം കുറയ്ക്കാനോ ഭാഗികമായി മാറ്റാനോ താല്പര്യമുള്ളവർക്ക് പ്രതിദിനം 4 മണിക്കൂർ ജോലി ചെയ്യാനുള്ള പ്രത്യേക വ്യവസ്ഥയും സർക്കുലറിലുണ്ട്. രാവിലെ 7:00 മുതൽ ഉച്ചയ്ക്ക് 1:00 വരെയോ അല്ലെങ്കിൽ രാവിലെ 8:30 മുതൽ ഉച്ചകഴിഞ്ഞ് 2:30 വരെയോ ഉള്ള സമയങ്ങളിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഓഗസ്റ്റ് 31 വരെ തുടരുന്ന ഈ താൽക്കാലിക ക്രമീകരണത്തിന് ശേഷം അതോറിറ്റി നിശ്ചയിച്ചിട്ടുള്ള പഴയ പ്രവൃത്തിസമയത്തിലേക്ക് തന്നെ ജീവനക്കാർ മടങ്ങേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

