കുവൈറ്റ് സിറ്റി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ഡിജിറ്റൽ യുഗത്തിലേക്ക് നയിക്കുന്നതിനുള്ള ‘ഡിജിറ്റൽ എഡ്യൂക്കേഷൻ ട്രാൻസ്ഫോർമേഷൻ’ പദ്ധതിയുടെ ആദ്യഘട്ട അധ്യാപക പരിശീലനം വിജയകരമായി പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രശസ്ത ആഗോള സാങ്കേതികവിദ്യാ സ്ഥാപനമായ ‘ഗൂഗിൾ ഫോർ എഡ്യൂക്കേഷനുമായി’ പങ്കാളിത്തത്തിലാണ് മന്ത്രാലയം ഈ പദ്ധതി നടപ്പിലാക്കുന്നത്. വരാനിരിക്കുന്ന പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഔദ്യോഗിക ലോഞ്ചിങ് നടത്തുന്നതിന് മുന്നോടിയായാണ് സെക്കൻഡറി സ്കൂൾ അധ്യാപകർക്കായുള്ള ഈ പ്രാഥമിക പരിശീലന പരിപാടി സംഘടിപ്പിച്ചത്.
വിദ്യാഭ്യാസ-ഭരണ നിർവ്വഹണ മേഖലകളിലെ ജീവനക്കാരുടെ ഡിജിറ്റൽ ശേഷി വർദ്ധിപ്പിക്കുന്നതിനായി മന്ത്രാലയം നടപ്പിലാക്കുന്ന വിപുലമായ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഡിജിറ്റൽ സാങ്കേതികവിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകളും വിദ്യാഭ്യാസ പ്രക്രിയയിൽ ഏറ്റവും കാര്യക്ഷമമായും ഫലപ്രദമായും ഉപയോഗിക്കാൻ അധ്യാപകരെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് വഴി പദ്ധതിയുടെ പരീക്ഷണ ഘട്ടം വൻ വിജയമാക്കാനും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ-സാങ്കേതിക ലക്ഷ്യങ്ങൾ കൈവരിക്കാനും സാധിക്കുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.ഗൂഗിളുമായി ചേർന്നുള്ള ഈ പരീക്ഷണ പദ്ധതി വരും സെപ്റ്റംബറിൽ ആരംഭിച്ച് ആറുമാസക്കാലം നീണ്ടുനിൽക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു.
ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ സ്കൂൾ അന്തരീക്ഷത്തിൽ ചെലുത്തുന്ന സ്വാധീനം പഠിക്കുക, വിദ്യാഭ്യാസ പ്രക്രിയയുടെ വിവിധ തലങ്ങളിൽ അവ ഉണ്ടാക്കുന്ന മാറ്റങ്ങൾ വിലയിരുത്തുക എന്നിവയാണ് ഈ ആറുമാസത്തെ പരീക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പരീക്ഷണത്തിൽ നിന്നും ലഭിക്കുന്ന മികച്ച ഫലങ്ങളും അനുഭവങ്ങളും ഭാവിയിൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വികസന പദ്ധതികൾക്കായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

