കുവൈറ്റ് സിറ്റി: രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ വ്യാജവാർത്തകളിലും കിംവദന്തികളിലും വഞ്ചിതരാകരുതെന്ന് ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി മീഡിയ ഡയറക്ടർ കേണൽ ഒത്മാൻ ഗരീബ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മരണസംഖ്യയെക്കുറിച്ച് അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിച്ച വ്യക്തികളെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള മോണിറ്ററിംഗ് ആൻഡ് ഫോളോ-അപ്പ് വിഭാഗം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം തെറ്റായ വിവരങ്ങൾ ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്ന സാഹചര്യത്തിൽ, ഇവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കേണൽ ഗരീബ് വ്യക്തമാക്കി. കിംവദന്തികൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങൾ സർക്കാരിലേക്ക് കൈമാറാൻ ആഭ്യന്തര മന്ത്രാലയം നൽകിയ സമയപരിധി അവസാനിക്കാൻ ഇനി രണ്ടുദിവസം കൂടി മാത്രമേ ബാക്കിയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. ലൈസൻസില്ലാത്ത ആയുധങ്ങൾ കൈവശമുള്ളവർക്ക് ശിക്ഷാനടപടികളില്ലാതെ അവ കൈമാറാനുള്ള അവസാന അവസരമാണിതെന്നും ഈ സമയപരിധിക്കുള്ളിൽ തന്നെ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജന സുരക്ഷ മുൻനിർത്തി മന്ത്രാലയം സ്വീകരിക്കുന്ന നടപടികളോട് എല്ലാവരും പൂർണ്ണമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
