കുവൈത്ത്സിറ്റി: പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ജലീബ് അൽ ഷുയൂഖ് മേഖലയിലെ അപകടാവസ്ഥയിലുള്ള 42 കെട്ടിടങ്ങൾ അടിയന്തരമായി പൊളിച്ചുനീക്കാൻ കുവൈറ്റ് നഗരസഭാ ഡയറക്ടർ ജനറൽ മനൽ അൽ അസ്‌ഫൂർ ഉത്തരവിട്ടു. ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് ടുഡേ’യിൽ ഈ തീരുമാനം പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ രണ്ടാഴ്ചയ്ക്കകം കെട്ടിടങ്ങൾ ഒഴിഞ്ഞുനൽകണമെന്നും പൊളിച്ചുനീക്കണമെന്നുമാണ് ഉടമകൾക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം.
പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിലുള്ള ഗവൺമെന്റ് സെന്റർ ഫോർ ടെസ്റ്റിംഗ്, ക്വാളിറ്റി കൺട്രോൾ ആൻഡ് റിസർച്ച് നടത്തിയ പരിശോധനയിൽ ഈ കെട്ടിടങ്ങൾ താമസയോഗ്യമല്ലെന്നും ഏതുനിമിഷവും തകർന്നുവീഴാൻ സാധ്യതയുള്ളവയാണെന്നും കണ്ടെത്തിയിരുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ഈ കെട്ടിടങ്ങളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ ഉടമകൾ കെട്ടിടങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കാലാവധി കഴിഞ്ഞിട്ടും കെട്ടിടങ്ങൾ നിലനിൽക്കുകയാണെങ്കിൽ, താമസക്കാരെ പൂർണ്ണമായും ഒഴിപ്പിച്ച ശേഷം നഗരസഭ നേരിട്ട് ഇവ പൊളിച്ചുനീക്കുകയും ഇതിന്റെ ചെലവ് ഉടമകളിൽ നിന്ന് ഈടാക്കുകയും ചെയ്യും.
