കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷത്തിൽ യാത്രാ തടസ്സങ്ങൾ മൂലം കുവൈത്തിൽ ദുരിതത്തിലായ പ്രവാസികൾക്ക് ആശ്വാസം പകർന്ന് പ്രവാസി വെൽഫെയർ കുവൈത്ത് ഒരുക്കിയ രണ്ടാമത് ചാർട്ടർ വിമാനം പറന്നുയർന്നു. വിസിറ്റ് വിസയിലും മറ്റുമായി കുവൈത്തിലെത്തി, നിലവിലെ സാഹചര്യത്തിൽ മടക്കയാത്ര അനിശ്ചിതത്വത്തിലായ യാത്രക്കാരുമായി ബുധനാഴ്ച സൗദിയിലെ ദമാമിൽ നിന്ന് പുറപ്പെട്ട കുവൈത്ത് എയർവേയ്സ് വിമാനം രാത്രി കൊച്ചിയിലെത്തി. ജോലി സംബന്ധമായ അടിയന്തര ആവശ്യങ്ങൾക്കായി കുവൈത്തിലേക്ക് തിരികെ വരേണ്ടവരെ പ്രവാസികളെ ഇതേ ചാർട്ടർ വിമാനത്തിൽ ദമാമിൽ തിരിച്ചെത്തിക്കുകയും ചെയ്തു. രണ്ട് സെക്ടറിലേക്കുമായി 500 പേർ ഈ ചാർട്ടർ വിമാനത്തിൽ യാത്ര ചെയ്തു. അൽഹിന്ദ് ട്രാവൽസുമായി സഹകരിച്ചാണ് ചാർട്ടർ വിമാനം സജ്ജമാക്കിയത്ചൊവ്വാഴ്ച രാത്രി കുവൈത്തിലെ ഖൈറാൻ മാളിലാണ് യാത്രക്കാരുടെ ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കിയത്.
യാത്ര നടപടികൾ സുഖമമാക്കുന്നതിനായി പ്രവാസി വെൽഫെയർ കേന്ദ്ര നേതാക്കളും സന്നദ്ധ സേവനത്തിനായി ടീം വെൽഫെയർ പ്രവർത്തകരും കർമ്മരംഗത്തുണ്ടായിരുന്നു. യാത്രക്കാർക്ക് ലഘുഭക്ഷണപ്പൊതികൾ വിതരണം ചെയ്ത ശേഷമാണ് ഭാരവാഹികൾ അവരെ യാത്രയാക്കിയത്.കൊച്ചിയിലെത്തിയ യാത്രക്കാരെ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ടീം വെൽഫെയർ വളണ്ടിയർമാർ ലഘുഭക്ഷണം വിതരണം ചെയ്തു. പ്രവാസി വെൽഫെയർ ഫോറം നേതാക്കൾ നേതൃത്വം നൽകി.കൊച്ചിയിൽ നിന്ന് ദമാമിലെത്തിയ യാത്രക്കാർക്കും പ്രവാസി വെൽഫെയർ സൗദി അറേബ്യ ഈസ്റ്റേൺ പ്രോവിൻസ് ഭാരവാഹികളുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി.
യാത്രക്കാർക്ക് ശീതളപാനീയവും ലഘുഭക്ഷണവും വിതരണം ചെയ്തു.വിമാന യാത്ര നിരക്ക് കുത്തനെ ഉയരുകയും പ്രവാസികൾ കടുത്ത പ്രതിസന്ധി അനുഭവിക്കുന്ന പശ്ചാത്തലത്തിൽ പോലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ക്രിയാത്മകമായി ഇടപെടാതിരുന്ന പശ്ചാത്തലത്തിലുമാണ് നിലവിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് യാത്രാ സൗകര്യം ഒരുക്കിയതെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് ഭാരവാഹികൾ പറഞ്ഞു. സംഘടനയുടെ നേതൃത്വത്തിൽ ആദ്യ ചാർട്ടർ വിമാനം ഏപ്രിൽ 7- ന് കൊച്ചിയിലേക്കും തിരിച്ച് ദമാമിലേക്കും സർവ്വീസ് നടത്തിയിരുന്നു
