കുവൈത്ത് സിറ്റി, ഓഗസ്റ്റ് 5: കുവൈത്തിൽ റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയം നടത്തിയ സംയുക്ത പരിശോധനയിൽ 56 പേരെ അറസ്റ്റ് ചെയ്തു.ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ജുവനൈൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും ചേർന്നാണ് പരിശോധന നടത്തിയത്.ജഹ്റ ഇൻഡസ്ട്രിയൽ ഏരിയ, ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയ, ഫർവാനിയ എന്നിവിടങ്ങളിലെ വിവിധ വാണിജ്യ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. തൊഴിൽ വിപണി ചട്ടങ്ങളും റെസിഡൻസി നിയമങ്ങളും പാലിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കുന്നതിനായാണ് പരിശോധന നടത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.
പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ:10 പ്രായപൂർത്തിയാകാത്ത നിയമലംഘകരെ കണ്ടെത്തി.ആർട്ടിക്കിൾ 22 (കുടുംബ/ആശ്രിത റെസിഡൻസി) ലംഘിച്ച 3 പേർ.ആർട്ടിക്കിൾ 18 (സ്വകാര്യ മേഖല റെസിഡൻസി) ലംഘിച്ച 17 പേർ.ആർട്ടിക്കിൾ 20 (ഗാർഹിക തൊഴിലാളി റെസിഡൻസി) ലംഘിച്ച 24 പേർ.ആർട്ടിക്കിൾ 20 പ്രകാരമുള്ള റെസിഡൻസിയുള്ള ഒളിവിലായിരുന്ന ഒരാൾ.എൻട്രി വിസ നിയമലംഘനത്തിൽ ഒരാൾ.
അറസ്റ്റിലായ എല്ലാവരെയും തുടർ നിയമ, ഭരണനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.തൊഴിൽ, റെസിഡൻസി നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനും പൊതുസുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണത്തോടെ ഇത്തരം സംയുക്ത പരിശോധനകൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



