കുവൈത്ത് സിറ്റി: രണ്ടാനമ്മയുടെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ചു കയറി വാതിലുകളും സി.സി.ടി.വി ക്യാമറകളും തകർക്കുകയും സ്വർണ്ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഔദ്യോഗിക രേഖകളും അടങ്ങിയ സേഫ് മോഷ്ഠിക്കുകയും ചെയ്തെന്ന കേസിൽ പ്രതിയെ കുവൈത്ത് ക്രിമിനൽ കോടതി മൂന്നാം ബെഞ്ച് വെറുതെവിട്ടു.
പ്രതിക്കെതിരെ പീനൽ കോഡ് പ്രകാരം കടുത്ത ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചുമത്തപ്പെട്ട കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനുള്ള കൃത്യമായ ഘടകങ്ങളോ ആവശ്യമായ തെളിവുകളോ കേസിൽ ഇല്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ ആയെദ് അൽ റാഷിദി കോടതിയിൽ ശക്തമായി വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി പ്രതിയെ കേസിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കി വെറുതെവിടുകയായിരുന്നു.



