കുവൈറ്റ് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് കടത്തും വിപണനവും തടയുന്നതിന്റെ ഭാഗമായി പ്രതികൾക്കെതിരെ കടുത്ത ശിക്ഷാവിധികളുമായി കുവൈറ്റ് ക്രിമിനൽ കോടതി. ആന്റി-നാർക്കോട്ടിക്സ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പിടിയിലായ പ്രതികൾക്കാണ് വിവിധ കേസുകളിലായി തടവുശിക്ഷയും വൻ തുക പിഴയും വിധിച്ചത്. പുതിയ മയക്കുമരുന്ന് നിയന്ത്രണ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ കർശന നടപടി.
ബംഗ്ലാദേശ് പൗരന് ജീവപര്യന്തം:ലഹരിമരുന്ന് കടത്താനും ഉപയോഗിച്ചതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബംഗ്ലാദേശ് സ്വദേശിക്ക് ജീവപര്യന്തം തടവും 50,000 കുവൈറ്റി ദിനാർ (ഏകദേശം 1.35 കോടിയോളം രൂപ) പിഴയും വിധിച്ചു.
മറ്റൊരു കേസിലെ ശിക്ഷ വിധികൾ: ലഹരിമരുന്ന് വിപണനം നടത്തിയ മറ്റൊരു പ്രതിക്ക് ഇളവുകളില്ലാത്ത 15 വർഷത്തെ തടവും 50,000 ദിനാർ പിഴയും ചുമത്തി.
പോലീസിനെ ആക്രമിച്ച കേസിൽ 15 വർഷം തടവ്:ജഹ്‌റ സൂഖിൽ വെച്ച് അറസ്റ്റ് ചെയ്യുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും, അനധികൃതമായി പിസ്റ്റളും വെടിയുണ്ടകളും കൈവശം വെക്കുകയും, മയക്കുമരുന്ന് വിൽപന നടത്തുകയും ചെയ്ത കുറ്റവാളിക്ക് മാപ്പില്ലാത്ത 15 വർഷത്തെ തടവുശിക്ഷ ലഭിച്ചു.
സ്വദേശി പൗരന് 10 വർഷം തടവ്:ഹാഷിഷും മനോരോഗ നിവാരണ ഗുളികകളും വിറ്റഴിച്ച കുവൈറ്റ് പൗരന് 10 വർഷം തടവും 50,000 കുവൈറ്റി ദിനാർ പിഴയും കോടതി വിധിച്ചു.
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ നാർക്കോട്ടിക്‌സ് കൺട്രോൾ നടത്തിയ വിപുലമായ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതികളെ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയത്. മയക്കുമരുന്ന് മാഫിയകൾക്കെതിരെ രാജ്യം നടപ്പിലാക്കുന്ന കർശന നിയമങ്ങളുടെ പ്രതിഫലനമാണ് ഈ കോടതിവിധികളെന്ന് അധികൃതർ വ്യക്തമാക്കി.



