കുവൈറ്റ് സിറ്റി: കുവൈറ്റ്, സൗദി അറേബ്യയുടെ കിഴക്കൻ മേഖലകൾ, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലെ തീരദേശ മേഖലകളിൽ അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് വലിയ തോതിൽ വർദ്ധിച്ചതായി പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ സ്ഥിരീകരിച്ചു. ആകാശത്ത് ചിതറിക്കിടക്കുന്ന മേഘങ്ങളുടെ സാന്നിധ്യവും ഉയർന്ന ഈർപ്പവും അന്തരീക്ഷത്തെ കൂടുതൽ അസഹനീയവും ശ്വാസം മുട്ടിക്കുന്നതുമായ അവസ്ഥയിലേക്ക് മാറ്റിയതായി പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.
അന്തരീക്ഷ താപനില റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നില്ലെങ്കിലും, ഉയർന്ന ഈർപ്പം കാരണം വേഗത്തിൽ വിയർപ്പ് ബാഷ്പീകരിക്കപ്പെടാത്തത് ശരീരത്തിൽ കൂടുതൽ കടുത്ത ചൂട് അനുഭവപ്പെടാൻ കാരണമാകുന്നു. പ്രത്യേകിച്ച് പകൽ സമയങ്ങളിൽ അന്തരീക്ഷം ഏറെ തളർച്ചയുണ്ടാക്കും. ഈ സാഹചര്യത്തിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ, പ്രായമായവർ, കുട്ടികൾ എന്നിവർ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അതേസമയം, വ്യാഴാഴ്ച രാവിലെയോടെ കുവൈറ്റിലെ കാലാവസ്ഥയിൽ ആശ്വാസകരമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് നേരിയ കാറ്റ് വീശാൻ തുടങ്ങുന്നതോടെ അന്തരീക്ഷത്തിലെ ഈർപ്പം ഗണ്യമായി കുറയുകയും ചൂടിന്റെ തീവ്രതയ്ക്ക് ശമനമുണ്ടാകുകയും ചെയ്യും. വാരാന്ത്യ ദിനങ്ങളിൽ താരതമ്യേന വരണ്ടതും സുഖകരവുമായ കാലാവസ്ഥ അനുഭവപ്പെടാനാണ് സാധ്യത.



