HomeCommunityഇൻഫോക് അന്താരാഷ്ട്ര നേഴ്സസ് ദിനാഘോഷം ശ്രദ്ധേയമായി.

ഇൻഫോക് അന്താരാഷ്ട്ര നേഴ്സസ് ദിനാഘോഷം ശ്രദ്ധേയമായി.

spot_img

കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. മെയ് 29ന് അബ്ബാസിയ അസ്‌പയർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നഴ്സുമാരും കുടുംബാംഗങ്ങളും പങ്കെടുത്തു.

ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഓഫ് നഴ്സിംഗ് ആയ ജോൺ ജോൺ (കുവൈത്ത് സെന്റർ ഫോർ മെന്റൽ ഹെൽത്ത്), ശോഭന ഐസക് (മുബാറക് അൽ കബീർ ആശുപത്രി), സിജി ജോൺ (സബാഹ് ആശുപത്രി) എന്നിവർ ചേർന്ന് ദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ലുലു മണി എക്സ്ചേഞ്ച് ഡിജിറ്റൽ മാനേജർ മുഹമ്മദ് അസ്ലം ആശംസകൾ അർപ്പിച്ചു. ഇൻഫോക് ജനറൽ സെക്രട്ടറി ജോബി ജോസഫ് സ്വാഗതവും ട്രഷറർ മുഹമ്മദ് ഷാ നന്ദിയും രേഖപ്പെടുത്തി.എല്ലാ വർഷവും ‘ഫ്ലോറൻസ് ഫിയസ്റ്റ’ എന്ന പേരിൽ വിപുലമായി സംഘടിപ്പിക്കാറുള്ള നഴ്സസ് ദിനാഘോഷം, മിഡിൽ ഈസ്റ്റിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇത്തവണ ലളിതമായ രീതിയിലാണ് സംഘടിപ്പിച്ചത്. ആഘോഷത്തിന്റെ ഭാഗമായി ലേഖന മത്സരം, പോസ്റ്റർ മത്സരം, ആരോഗ്യ ബോധവൽക്കരണ റീൽസ് മത്സരം എന്നിവ നടന്നു.“Empowered Nurses: Strengthening Healthcare, Shaping the Future” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ലേഖന മത്സരത്തിൽ ജാബർ അൽ അഹ്മദ് ആശുപത്രിയിലെ ജോബി ബേബി ഒന്നാം സ്ഥാനവും, അമിരി ആശുപത്രിയിലെ റൂബി സാമുവൽ രണ്ടാം സ്ഥാനവും, മുബാറക് അൽ കബീർ ആശുപത്രിയിലെ ആൻഡ്രിയ സ്റ്റെഫി മൂന്നാം സ്ഥാനവും നേടി.

“Our Nurses, Our Future – Empowered Nurses Save Lives” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പോസ്റ്റർ മത്സരത്തിൽ മുബാറക് അൽ കബീർ ആശുപത്രിയിലെ രഞ്ജിത്ത് രമേശ് ഒന്നാം സ്ഥാനവും, ആൻഡ്രിയ സ്റ്റെഫി രണ്ടാം സ്ഥാനവും, മാറ്റേണിറ്റി ആശുപത്രിയിലെ ജോപ്സി വർഗീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.“Beware / Be Aware” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ റീൽസ് മത്സരത്തിൽ ചിന്നു സത്യൻ (ജലീബ് സൗത്ത് ക്ലിനിക്) ഒന്നാം സ്ഥാനവും, പ്രമോദ് വിജയകുമാർ (ഫോറൻസിക് ഡിപ്പാർട്ട്മെൻറ്, ഫർവാനിയ) രണ്ടാം സ്ഥാനവും, രമ്യ മോഹനൻ (അദാൻ ആശുപത്രി) മൂന്നാം സ്ഥാനവും നേടി. ജോബിൻസ് പി. തോമസിന് (ജാബർ അൽ അഹമ്മദ് ആശുപത്രി) പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.

ചടങ്ങിൽ ഇൻഫോകിന്റെ വാർഷിക പ്രസിദ്ധീകരണമായ ‘മിറർ 2026’ പ്രകാശനം ചെയ്തു. നഴ്സിംഗ് മേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ, അനുഭവക്കുറിപ്പുകൾ, കവിതകൾ, കഥകൾ, ചിത്രരചനകൾ, സംഘടനയുടെ പ്രവർത്തന റിപ്പോർട്ടുകൾ, അംഗങ്ങളുടെ നേട്ടങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മാഗസിൻ ലുലു മണി എക്സ്ചേഞ്ച് പ്രതിനിധി മുഹമ്മദ് അസ്ലം, എഡിറ്റോറിയൽ ടീം അംഗങ്ങളായ ശ്യാം പ്രസാദ്, വിവേക് മോഹൻ, രഞ്ജിത്ത് രമേശ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രകാശനം നിർവഹിച്ചു.കൂടാതെ ഇൻഫോക് ജൂലൈ 3ന് സംഘടിപ്പിക്കുന്ന ചെസ് ടൂർണമെന്റിന്റെ പോസ്റ്റർ ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ സ്പോർട്സ് കോ-ഓർഡിനേറ്റർ സതീഷ് കരുണാകരൻ, സ്പോർട്സ് കൺവീനർമാരായ ബിബിൻ ജോർജ്, ലിയോ അവറാച്ചൻ, ഡെന്നിസ് സാജൻ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.

പൊതുസമ്മേളനത്തിൽ ഗൾഫ് മലയാളി ഫെഡറേഷന്റെ മദർ തെരേസ കർമ്മ പുരസ്കാരം നേടിയ വിജേഷ് വേലായുധനെ ആദരിച്ചു. ലേഖന-പോസ്റ്റർ മത്സരങ്ങളുടെ വിധികർത്താക്കളായ ഡോ. മഞ്ജുഷ, ചിത്ര രജിത്ത്, സിജി ജോൺ, റീൽസ് മത്സരത്തിന്റെ വിധികർത്താക്കളായ ഷമേജ് കുമാർ, മനോജ് കാപ്പാട്, അനിൽകുമാർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

നഴ്സുമാരുടെ പ്രൊഫഷണൽ മികവ്, സേവന മനോഭാവം, സാമൂഹിക പ്രതിബദ്ധത, സർഗാത്മക കഴിവുകൾ എന്നിവയെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇൻഫോക് പ്രോഗ്രാം കോ-ഓർഡിനേറ്റർമാരും ആർട്സ് വിഭാഗവും പ്രൊഫഷണൽ ഡെവലപ്മെൻറ് കമ്മിറ്റിയും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!