മാസപ്പടി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകളും ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിൻ്റെ ഉടമയുമായ വീണ വിജയന് വീണ്ടും സമൻസ് അയച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് കേന്ദ്ര ഏജൻസിയുടെ പുതിയ നടപടി.വരുന്ന ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പുതിയ സമൻസിൽ ആവശ്യപ്പെടുന്നത്. അന്ന് രാവിലെ 10.30ന് കൊച്ചിയിലെ സോണൽ ഓഫിസിൽ നേരിട്ട് ഹാജരാകണമെന്നാണ് അന്വേഷണ സംഘം നൽകിയിരിക്കുന്ന കർശന നിർദേശം.
ഇന്ന് രാവിലെ കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഒൻപതാം തീയതി നോട്ടിസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ചത്തെ സമയം കൂടി നൽകണമെന്ന് വീണ വിജയൻ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും തൻ്റെ അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും വീണ ഇ.ഡിക്ക് നൽകിയ അവധി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത ബുധനാഴ്ച നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി വീണ്ടും സമൻസ് നൽകിയത്.

