കുവൈത്ത് സിറ്റി: അൽ-നജാത്ത് ചാരിറ്റബിൾ സൊസൈറ്റിക്ക് കീഴിലുള്ള കമ്മിറ്റി ഫോർ ഇൻട്രൊഡ്യൂസിങ് ഇസ്‌ലാം (ഐ.ഐ.സി) 2026-ന്റെ രണ്ടാം പാദത്തിൽ ശ്രദ്ധേയമായ പ്രവർത്തന നേട്ടങ്ങൾ കൈവരിച്ചു.
കുവൈത്തിനകത്തും പുറത്തുമുള്ള പുതിയ മുസ്ലീങ്ങൾക്കായി ഇസ്‌ലാമിക പ്രബോധനവും ബോധവൽക്കരണ പ്രവർത്തനങ്ങളും വിപുലമായി സംഘടിപ്പിച്ചതായി സമിതി അറിയിച്ചു.ഈ വർഷത്തെ രണ്ടാം പാദത്തിൽ ആകെ 649 പേർ ഇസ്‌ലാം മതം സ്വീകരിച്ചതായി ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. അബ്ദുൽ മുഹ്സിൻ അൽ-ജാർ അല്ലാഹ് അൽ-ഖറാഫി വ്യക്തമാക്കി. ഇതിൽ 583 പേർ കുവൈത്തിനുള്ളിൽ കഴിയുന്ന അറബി ഇതര സമൂഹങ്ങളിൽ നിന്നുള്ളവരും, 66 പേർ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.
വിവിധ രാജ്യക്കാരായ 63 പ്രബോധകരുടെ നിരന്തര പരിശ്രമവും, ദാതാക്കളുടെ ഉദാരമായ പിന്തുണയുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മതം സ്വീകരിച്ചവർക്കുള്ള തുടർ പഠനത്തിനും കമ്മിറ്റി വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി ഈ കാലയളവിൽ 70 പ്രാരംഭ കോഴ്സുകൾ, 60 ശരീഅത്ത് നിയമ പഠന കോഴ്സുകൾ, 83 ഖുർആൻ പഠന ക്ലാസുകൾ എന്നിവ സമിതി സംഘടിപ്പിച്ചു. കൂടാതെ നവമുസ്ലീങ്ങൾക്കും പൊതുസമൂഹത്തിനുമായി 10 അറബിക് ഭാഷാ പഠന കോഴ്സുകളും വിജയകരമായി പൂർത്തിയാക്കി.



