കുവൈത്ത് സിറ്റി: സഹകരണ സംഘത്തിലേക്ക് പഴങ്ങളും പച്ചക്കറികളും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന വൻ കൈക്കൂലി കേസിൽ കുവൈത്ത് ക്രിമിനൽ കോടതി നിർണ്ണായക വിധി പ്രസ്താവിച്ചു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പിടികൂടിയ പ്രതികൾക്കെതിരെ ജഡ്ജി മുഹമ്മദ് അൽ സാനിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ശിക്ഷ വിധിച്ചത്.
കേസിൽ സഹകരണ സംഘം ബോർഡ് ചെയർമാൻ, ട്രഷറർ, ഒരു ബോർഡ് അംഗം, കൂടാതെ ഉൾപ്പെട്ട ഒരു ഈജിപ്ഷ്യൻ പൗരൻ എന്നിവർക്ക് അഞ്ച് വർഷം വീതം തടവുശിക്ഷ ലഭിച്ചു. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ട് ലെബനീസ് പൗരന്മാർക്ക് മൂന്ന് വർഷം തടവും പതിനായിരം കുവൈത്തി ദിനാർ പിഴയുമാണ് കോടതി വിധിച്ചത്. പഴം-പച്ചക്കറി വിൽപ്പനയുടെ ആകെ തുകയിൽ നിന്ന് 10 ശതമാനം തുക കൈക്കൂലിയായി നൽകാനും വാങ്ങാനും ധാരണയാക്കിയെന്ന കുറ്റത്തിനാണ് ശിക്ഷ. അതേസമയം കേസിൽ ആരോപണവിധേയരായ ചിലരെ കോടതി കുറ്റവിമുക്തരാക്കുകയും വിചാരണയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
പഴം-പച്ചക്കറി കമ്പനികളുടെ വിതരണം തടസ്സമില്ലാതെ തുടരുന്നതിന് പകരമായി ആകെ 3,14,000 കുവൈത്തി ദിനാർ പ്രതികൾ കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് പബ്ലിക് പ്രോസിക്യൂഷന്റെ കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. ഇതിനുപുറമെ ഇടനിലക്കാരായ കമ്പനി ഉദ്യോഗസ്ഥർ തുക കൈമാറാൻ സഹായിച്ചതായും, കൈക്കൂലി പണം അവിഹിതമായി വെളുപ്പിച്ചെടുത്തതായും ആരോപിച്ചിരുന്നു. എന്നാൽ വിശദമായ വിചാരണയ്ക്ക് ശേഷം 3,14,000 ദിനാറിന്റെ പണമിടപാട് കുറ്റങ്ങളിൽ നിന്ന് കോടതി എല്ലാ പ്രതികളെയും വെറുതെവിട്ടു. കൈക്കൂലി കേസിൽ കുറ്റം തെളിഞ്ഞ പ്രതികൾക്ക് മാത്രമാണ് കോടതി ശിക്ഷ വിധിച്ച് ഉത്തരവായത്.



