ബ്രിട്ടനിൽ ഒരേ ട്രാക്കിലൂടെ സഞ്ചരിച്ച രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം. ലണ്ടന് വടക്ക് ബെഡ്ഫോഡ്ഷെയറിന് സമീപമുണ്ടായ ദാരുണമായ അപകടത്തിൽ ഒരു ലോക്കോ പൈലറ്റ് മരിച്ചു. തൊണ്ണൂറിലേറെ പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇതിൽ 11 പേരുടെ നില അതീവ ഗുരുതരമാണ്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
കോർബിയിൽ നിന്നും ലണ്ടനിലെ സെൻ്റ് പാൻക്രാസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്ന ഈസ്റ്റ് മിഡ്ലാൻഡ്സ് റെയിൽവേയുടെ പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ബെഡ്ഫോഡിന് സമീപത്ത് എത്തിയപ്പോൾ സിഗ്നൽ സംവിധാനത്തിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയിടുകയായിരുന്നു. തകരാർ പരിഹരിക്കുന്നതിനിടെ, ഇതേ ട്രാക്കിലൂടെ പിന്നാലെ വന്ന മറ്റൊരു ട്രെയിൻ നിർത്തിയിട്ടിരുന്ന ട്രെയിനിൻ്റെ പിന്നിലേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പിന്നിൽ വന്ന ട്രെയിനിൻ്റെ ലോക്കോ പൈലറ്റാണ് മരിച്ചത്. ലണ്ടനിൽ സർവീസ് നടത്തുന്ന ട്രാൻസ്പോർട്ട് യുകെ എന്ന സ്വകാര്യ കമ്പനിയുടെ സബ്സിഡിയറിയായ ഈസ്റ്റ് മിഡ്ലാൻഡ്സ് റെയിൽവേയുടേതാണ് അപകടത്തിൽപ്പെട്ട രണ്ട് ട്രെയിനുകളും.
അപകടത്തിൽ ഇരു ട്രെയിനുകളിലുമായി യാത്ര ചെയ്തിരുന്ന നിരവധി പേർക്ക് പരിക്കേറ്റു. അറുപതിലേറെ പേർക്ക് പരിക്കേറ്റതായും ഇതിൽ 22 പേരുടെ നില ഗുരുതരമാണെന്നും 11 പേരുടെ നില അതീവ ഗുരുതരമാണെന്നുമാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ പരിക്കേറ്റവരുടെ എണ്ണം തൊണ്ണൂറിന് മുകളിലാണെന്നും റിപ്പോർട്ടുകളുണ്ട്. വൈകിട്ട് 6.45ഓടെ വിവരമറിഞ്ഞയുടൻ ബെഡ്ഫോഡ്ഷെയർ ഫയർ ആൻഡ് റെസ്ക്യൂ സംഘവും പൊലീസും ആംബുലൻസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

