കുവൈറ്റ് സിറ്റി: മുൻപ് വിസ മാറ്റത്തിന് കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്ന വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള പ്രവാസികൾക്ക്, മറ്റ് മേഖലകളിലേക്ക് വിസ മാറുന്നതിനായി അനുവദിച്ചിരുന്ന ഇളവ് കാലാവധി അവസാനിച്ചതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ആകെ 27,141 വിദേശ തൊഴിലാളികൾ വിസ മാറ്റം വിജയകരമായി പൂർത്തിയാക്കിയതായി അതോറിറ്റി സ്ഥിരീകരിച്ചു.2026-ലെ രണ്ടാം നമ്പർ മന്തിതല പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ താൽക്കാലിക ഇളവ് 2026 മേയ് 1 മുതൽ ജൂൺ 30 വരെയായിരുന്നു പ്രാബല്യത്തിലുണ്ടായിരുന്നത്.
ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ മേഖലയിലാണ് ഏറ്റവും കൂടുതൽ വിസ മാറ്റ അപേക്ഷകൾ രേഖപ്പെടുത്തിയത്; ഇവിടെ നിന്നും 16,048 തൊഴിലാളികളാണ് മറ്റ് മേഖലകളിലേക്ക് മാറിയത്. മറ്റ് മേഖലകളിലെ കണക്കുകൾ താഴെ പറയുന്ന പ്രകാരമാണ്:കാർഷിക മേഖല : 4,460 തൊഴിലാളികൾവ്യവസായ മേഖല: 3,300 തൊഴിലാളികൾമേച്ചിൽ/വളർത്തുമൃഗ പരിപാലന മേഖല: 3,087 തൊഴിലാളികൾമത്സ്യബന്ധന മേഖല : 246 തൊഴിലാളികൾതൊഴിൽ വിപണിയിലെ ആവശ്യങ്ങൾ പരിഹരിക്കുന്നതിലും വിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതിലും ഈ തീരുമാനം വൻ വിജയമായിരുന്നുവെന്ന് അതോറിറ്റി വ്യക്തമാക്കി.
പൊതുതാൽപ്പര്യം മുൻനിർത്തിയും, തൊഴിൽ വിപണിയിലെ നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, രാജ്യത്തിന്റെ വികസന ആവശ്യങ്ങൾക്ക് അനുസൃതമായി വഴക്കം ഉറപ്പാക്കുന്നതിനുമുള്ള സർക്കാർ നിർദ്ദേശങ്ങൾക്ക് വിധേയമായാണ് ഈ നടപടി സ്വീകരിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക മുൻഗണനകൾക്ക് അനുസൃതമായി തൊഴിൽ വിഭജനം ഉറപ്പാക്കാനും വർക്ക് ഫോഴ്സ് മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കാനുമുള്ള വലിയ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.



