കുവൈറ്റ് സിറ്റി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ബദലുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കുവൈറ്റ് ഭരണകൂടം സജീവമായി രംഗത്തുണ്ടെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ശൈഖ അൽ ഇബ്രാഹിം. ഇതിനായി സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുമായും സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുമായും സഹകരിച്ച് വിപുലമായ ബോധവൽക്കരണ പരിപാടികളും പദ്ധതികളും രാജ്യം നടപ്പിലാക്കുന്നുണ്ടെന്ന് വെള്ളിയാഴ്ച അവർ വ്യക്തമാക്കി.
പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനും ഭാവി തലമുറകൾക്കായി ആവശ്യവിഭവങ്ങൾ സംരക്ഷിക്കുന്നതിനും സുസ്ഥിരമായ പാരിസ്ഥിതിക ശീലങ്ങൾ വളർത്തിയെടുക്കുന്നതിനും ഈ ദിനം വലിയൊരു അവസരമാണ് നൽകുന്നതെന്ന് അവർ പറഞ്ഞു. കൂട്ടായ ഉത്തരവാദിത്തത്തിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാകൂ എന്നും അവർ കൂട്ടിച്ചേർത്തു. പ്രാദേശിക തലത്തിലും ആഗോള തലത്തിലും പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് പ്ലാസ്റ്റിക് മലിനീകരണം. ഇത് ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും, പ്രത്യേകിച്ച് കടൽ ജീവികളെയും സമുദ്ര പരിസ്ഥിതിയെയും കടുത്ത രീതിയിൽ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, സമൂഹത്തിലെ ഓരോ വ്യക്തിയും പരിസ്ഥിതി സംരക്ഷണത്തിനായുള്ള തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നും പരിസ്ഥിതി സൗഹൃദ സംസ്കാരം വളർത്തിയെടുക്കണമെന്നും ശൈഖ അൽ ഇബ്രാഹിം അഭ്യർത്ഥിച്ചു.



