കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾ അനുഭവിച്ചുപോരുന്ന ദുരിതങ്ങൾക്കും സേവനത്തിലെ വീഴ്ചകൾക്കും എതിരെ രാജ്യസഭാംഗം പി.പി. സുനീർ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠിക്ക് കത്ത് അയച്ചു . കോൺസുലാർ അപേക്ഷ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചെങ്കിലും സേവനത്തിലെ പ്രായോഗികമായ പാകപ്പിഴകളും കരാർ ലംഘനങ്ങളും പ്രവാസികളെ വലിയ തോതിൽ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആറു കുവൈറ്റി ദീനാർ ഫീസ് ഈടാക്കുന്നുണ്ടെങ്കിലും അപേക്ഷാ പൂരിപ്പിക്കൽ, പ്രിന്റിംഗ്, ഫോട്ടോകോപ്പി, കൊറിയർ സേവനങ്ങൾ തുടങ്ങിയവ കൃത്യമായി ലഭിക്കുന്നില്ലെന്ന് മാത്രമല്ല, ഇതിനായി പ്രവാസികൾ പുറത്തുള്ള സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരുന്നതായും എം.പി. വ്യക്തമാക്കുകയുണ്ടായി.
നിശ്ചിത സമയത്തിനുള്ളിൽ സേവനം ഉറപ്പാക്കുന്ന ടേൺ എറൗണ്ട് ടൈം (TAT) വ്യവസ്ഥകളും കരാർ പ്രകാരമുള്ള നാല് കേന്ദ്രങ്ങൾക്ക് പകരം മൂന്ന് കേന്ദ്രങ്ങൾ മാത്രം പ്രവർത്തിക്കുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച്, ഭൂരിഭാഗം ഇന്ത്യൻ പ്രവാസികളും കുടുംബങ്ങളും തിങ്ങിപ്പാർക്കുന്ന ജ്ലീബ് അൽ ഷുയൂഖ്, അബ്ബാസിയ തുടങ്ങിയ ജനസാന്ദ്രതയേറിയ മേഖലകളിൽ പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കാത്തത് വലിയ തോതിലുള്ള അസൗകര്യങ്ങൾക്ക് കാരണമായിട്ടുണ്ട്.
കൂടാതെ, അറബി-ഇംഗ്ലീഷ് ദ്വിഭാഷാ ടൈപ്പിംഗ് സൗകര്യങ്ങളുടെ ലഭ്യമല്ലാത്ത അവസ്ഥയും പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്നു. ഈ സാഹചര്യത്തിൽ, പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ മുൻപുണ്ടായിരുന്ന ഒരു കുവൈറ്റി ദീനാർ സേവന ഫീസ് ഇടക്കാലാശ്വാസമായി പുനഃസ്ഥാപിക്കണമെന്നും, കരാർ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് എംബസി ഉറപ്പുവരുത്തണമെന്നും പി.പി. സുനീർ എം.പി. കത്തിലൂടെ ശക്തമായി ആവശ്യപ്പെട്ടു.



