കുവൈത്ത് കേരളാ മുസ്ലീം അസോസ്സിയേഷൻ (കെ.കെ.എം.എ.) മെമ്പർമാരുടെ മക്കൾക്കായി നൽകി വരുന്ന വിദ്യാഭ്യാസ അവാർഡിന് ഈ വർഷം അർഹരായ കണ്ണൂർ ജില്ലയിലെ വിദ്യാർത്ഥികളെ ആദരിച്ചു. ഈ വർഷത്തെ 10,12 സ്കൂൾ – മദ്രസ്സാ ക്ലാസ് പരീക്ഷകളിൽ വിജയം നേടിയ മെമ്പർമാരുടെ മക്കൾക്കാണ് അവാർഡ് നൽകിയത്. താണ എംഐഎസ് നോളഡ്ജ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിന് കെ.കെ.എം.എ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് കെ.പി സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് ഇസ്ഹാഖ് ടി.എം അദ്ധ്യക്ഷനായിരുന്നു.
ചടങ്ങ് ഉൽഘാടനം ചെയ്ത കണ്ണൂർ എം.ൽ.എ ടി.ഒ മോഹനൻ അപരദുഖം തൻ്റേത് കൂടിയാണെന്നും, മറ്റുള്ളവരുടെ പ്രയാസങ്ങളിൽ അവരെ സഹായിക്കാൻ താൽപര്യമുള്ള മനസ്സുള്ളവരായി പുതിയ തലമുറ മാറണമെന്നും ആവശ്യപ്പെട്ടു. രണ്ടരപതിറ്റാണ്ട് കാലം ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമായ പ്രസ്ഥാനമായ കെ.കെ.എം.എ മറ്റ് പ്രവാസി സംഘടനകൾക്ക് മാതൃകയാണെന്നും അഭിപ്രായപ്പെട്ടു.കെ.കെ.എം.എ പി.എം.ടി അംഗം അബ്ദുൽ ഫത്താഹ് തയ്യിൽ മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂർ കോർപ്പറേഷൻ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിഷാം താണ മുഖ്യാതിഥി ആയിരുന്നു.
മോട്ടിവേഷൻ ക്ലാസ് എടുത്ത എച്ആർഡി ട്രെയ്നർ ഹക്കീം മാസ്റ്റർ, യോഗ്യതക്കുമപ്പുറത്ത് കഴിവുള്ള ജനതയാണ് സമൂഹത്തിന് ആവശ്യമെന്ന് കുട്ടികൾക്ക് കഥകളിലൂടെ പറഞ്ഞ് കൊടുത്തു. കിയാൽ ഡയറക്ടർ ഹസ്സൻ കുഞ്ഞി,കെ.കെ.എം.എ മുഖ്യ രക്ഷാധികാരി അക്ബർ സിദ്ദീഖ്,കെയർ ഫൗണ്ടേഷൻ ചെയർമാൻ എൻ.എ മുനീർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ലോകത്തെ 50 പ്രധാന സ്മാരകങ്ങളുടെ പെൻസിൽ സ്കെച്ച് വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സർട്ടിഫിക്കറ്റ് നേടിയ കെ.കെ.എം.എ മെമ്പർ ലത്തീഫിന്റെ മകൾ ഹന സൈനബിനെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.
കെ.കെ.എം.എ സംസ്ഥാന-ജില്ലാ കമ്മിറ്റി നേതാക്കളായ എ.വി മുസ്തഫ,പി.വി സുബൈർ ഹാജി, യു.എ ബക്കർ, പി.എം.എച്ച് ബക്കർ, ഹസ്സൻ കുഞ്ഞി,വാഹിദ്,ഖാലിദ് മംഗള,യൂസഫ് നൂനേരി,അബ്ദു കുറ്റിച്ചിറ,പി.എം.എച്ച് ദിലീപ്,സത്താർ ചാലാട്,സത്താർ കണ്ണൂർ സിറ്റി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. റഫീഖ് നന്ദി പറഞ്ഞു.



