കുവൈത്ത്സിറ്റി: മാതാവിന്റെ സംരക്ഷണയിലായിരുന്ന രണ്ട് മക്കളുടെ കസ്റ്റഡി അവകാശം പിതാവിന് നൽകി കുവൈത്ത് അപ്പീൽ കോടതി. കുട്ടികളെ സംരക്ഷിക്കുന്നതിൽ മാതാവ് കടുത്ത വീഴ്ച വരുത്തിയെന്നും, അവരെ സോഷ്യൽ മീഡിയ പരസ്യങ്ങളിൽ ഉപയോഗിച്ചത് കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചുവെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് ഡോ. ഖാലിദ് അൽ മന്ദീലിന്റെ നേതൃത്വത്തിലുള്ള കോടതി വിധി പ്രസ്താവിച്ചത്.
കുട്ടികളുടെ ഭാവി മുൻനിർത്തിയാണ് ഈ നടപടിയെന്ന് അറ്റോർണി ഹൂറ അൽ ഹബീബ് വ്യക്തമാക്കി.കുട്ടികളെ വാണിജ്യ ആവശ്യങ്ങൾക്കോ പരസ്യങ്ങൾക്കോ വേണ്ടി ഉപയോഗിക്കുന്നത് അവരുടെ വിദ്യാഭ്യാസത്തെയോ ആരോഗ്യകരമായ വളർച്ചയെയോ ബാധിക്കുകയാണെങ്കിൽ കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
കുട്ടികളെ പരസ്യത്തിൽ കാണിക്കുന്നത് മാത്രം ചൂഷണമായി കരുതാനാകില്ലെങ്കിലും, ഇത് കുട്ടികളുടെ പഠനനിലവാരത്തെ ബാധിക്കുകയും കുടുംബത്തിന്റെ ശ്രദ്ധ ഇല്ലാതാക്കുകയും ചെയ്യുമ്പോൾ അത് കസ്റ്റഡി ചുമതലകളുടെ ലംഘനമായി കണക്കാക്കപ്പെടുമെന്ന് ചൈൽഡ് റൈറ്റ്സ് ലോ അടിസ്ഥാനമാക്കി കോടതി വ്യക്തമാക്കി. വിദ്യഭ്യാസത്തിലും ഉന്നത വളർച്ചയിലും കുട്ടികളുടെ മികച്ച താല്പര്യങ്ങൾ സംരക്ഷിക്കാനാണ് ഈ തീരുമാനമെന്ന് അപ്പീൽ കോടതി കൂട്ടിച്ചേർത്തു.



