കുവൈത്ത് സിറ്റി: രാജ്യത്തെ കുടിവെള്ളത്തിന്റെ രാസ, ബാക്ടീരിയ ഘടകങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഷുവൈഖിൽ അത്യാധുനിക വാട്ടർ അനാലിസിസ് ലബോറട്ടറി നിർമ്മിക്കാൻ ഒരുങ്ങി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം. ഉത്പാദനം മുതൽ ഉപഭോക്താക്കളിൽ എത്തുന്നതുവരെയുള്ള ജലത്തിന്റെ ശുദ്ധി ഉറപ്പാക്കുന്ന വാട്ടർ റിസോഴ്സസ് ഡെവലപ്‌മെന്റ് സെന്ററിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
അതിനിടെ, “സാങ്കേതികവിദ്യ സുസ്ഥിരതയെ കണ്ടുമുട്ടുമ്പോൾ” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച നാലാമത് സസ്റ്റൈനബിലിറ്റി ക്യാമ്പിൽ മന്ത്രാലയം സജീവമായി പങ്കെടുത്തു. പ്രത്യേകിച്ച് കുട്ടികളിലും യുവാക്കളിലും ഊർജ്ജ-ജല സംരക്ഷണ സംസ്കാരം വളർത്തിയെടുക്കാനും സുസ്ഥിരതാ ആശയങ്ങൾ വ്യാപിപ്പിക്കാനുമാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഊർജ്ജ ഉപഭോഗം കുറയ്ക്കാനുള്ള മികച്ച മാർഗ്ഗങ്ങൾ ബോധവൽക്കരണ പരിപാടികളിലൂടെ മന്ത്രാലയത്തിന്റെ പ്രത്യേക സംഘം ജനങ്ങൾക്ക് വിശദീകരിച്ചു നൽകി.
കടുത്ത വെല്ലുവിളികൾ നിലനിന്നിരുന്നെങ്കിലും വേനൽക്കാലത്തിന്റെ ആദ്യ പകുതി മുൻകൂട്ടി നിശ്ചയിച്ച തടസ്സങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കാൻ മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ട്. വേനലിന്റെ രണ്ടാം പകുതിയിലും സേവനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. വ്യക്തിതലത്തിൽ നിന്നാരംഭിക്കുന്ന മിതമായ ഉപഭോഗശീലം മാത്രമേ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനും സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കൂവെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രാലയം, പൊതുജനങ്ങളുടെ പൂർണ്ണ സഹകരണം അഭ്യർത്ഥിച്ചു.



