ജഹ്റ: കുവൈത്തിലെ ജഹ്റ ഗവർണറേറ്റ് മുൻസിപ്പാലിറ്റിയുടെ പബ്ലിക് ഹൈജീൻ ആൻഡ് റോഡ് ഒക്യുപ്പൻസി വിഭാഗം നടത്തിയ പരിശോധനയിൽ 7 അനധികൃത മൊബൈൽ കാർട്ടുകൾ പിടിച്ചെടുത്തു. നിരോധനം ലംഘിച്ച് തെരുവ് കച്ചവടം നടത്തിയവർക്കെതിരെ രണ്ട് ലംഘന റിപ്പോർട്ടുകളും അധികൃതർ രജിസ്റ്റർ ചെയ്തു. പ്രദേശത്ത് അനധികൃത തെരുവ് കച്ചവടക്കാരുടെ സാന്നിധ്യം വർദ്ധിച്ചുവരുന്നത് നിരീക്ഷിച്ച ശേഷമാണ് വകുപ്പ് വ്യാപക തിരച്ചിൽ ആരംഭിച്ചതെന്ന് വകുപ്പ് ഡയറക്ടർ നവാഫ് അൽ മുതൈരി പറഞ്ഞു.
പൊതുനിരത്തുകളിലെ അനധികൃത കച്ചവടം പൂർണ്ണമായും ഇല്ലാതാക്കുകയാണ് ഇത്തരം നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നും ഗവർണറേറ്റിലുടനീളം വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃത കച്ചവടം തടയുന്നതിനായി എല്ലാ മേഖലകളിലും ഫീൽഡ് പരിശോധനകൾ ശക്തമാക്കിയതായി കുവൈത്ത് മുൻസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് വിഭാഗവും അറിയിച്ചു. പൊതുജനാരോഗ്യവും വഴിയോര ശുചിത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.



