കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് കടത്തിനെതിരെ സുരക്ഷാ പരിശോധന കർശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കിയ പ്രത്യേക സുരക്ഷാ ഓപ്പറേഷനുകളിൽ 12 കേസുകളിലായി 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് വൻതോതിൽ ലഹരിമരുന്നുകളും ആയുധങ്ങളും മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച പണവും പിടിച്ചെടുത്തു.ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ കൃത്യമായ നിരീക്ഷണങ്ങൾക്കൊടുവിലാണ് ലഹരിവസ്തുക്കൾ കൈവശം വെയ്ക്കുകയും കച്ചവടം നടത്തുകയും ചെയ്ത പ്രതികൾ പിടിയിലായത്.
പരിശോധനയിൽ 860 ഗ്രാം ഐസ് (മെത്താംഫെറ്റാമൈൻ), കഞ്ചാവ്, ഹെറോയിൻ, കൊക്കെയ്ൻ, രാസലഹരികൾ, ലഹരി ഗുളികകൾ, ഡിജിറ്റൽ ന്യൂതന തുലാസുകൾ, വെടിയുണ്ടകൾ, കൂടാതെ 3,955 കുവൈത്തി ദിനാർ എന്നിവയും പോലീസ് പിടിച്ചെടുത്തു. പ്രതികളെയും തൊണ്ടിമുതലുകളും തുടർന്നുള്ള നിയമനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി. മയക്കുമരുന്ന് വ്യാപാരത്തിനെതിരെ വരും ദിവസങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



