കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്റർനെറ്റ്, മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര). സംശയാസ്പദമായ സന്ദേശങ്ങൾ, വ്യാജ ലിങ്കുകൾ, തട്ടിപ്പ് ഫോൺ കോളുകൾ എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ മാസത്തിൽ മാത്രം 156 പരാതികൾ ലഭിച്ചതായി സിട്ര വ്യക്തമാക്കി.
അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം വ്യാജ വെബ്സൈറ്റുകൾ വഴിയുള്ള തട്ടിപ്പുകളിലാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. 54 കേസുകളാണ് ഈ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നാലെ 52 പരാതികളോടെ തട്ടിപ്പ് ഫോൺ കോളുകളും 26 പരാതികളുമായി വാട്സ്ആപ്പ് വഴിയുള്ള തട്ടിപ്പുകളും ഇടംപിടിച്ചു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കേന്ദ്രീകരിച്ച് നടന്ന 24 തട്ടിപ്പുകളും അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിട്ര അഭ്യർത്ഥിച്ചു. തട്ടിപ്പുകാരെ കണ്ടെത്താനും സൈബർ കുറ്റകൃത്യങ്ങൾ തടയാനും ഇത്തരം ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതുണ്ട്. അജ്ഞാതരോ വിശ്വസിക്കാൻ കൊള്ളാത്തതോ ആയ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വ്യക്തിഗത, സാമ്പത്തിക, ബാങ്കിംഗ് വിവരങ്ങൾ യാതൊരു കാരണവശാലും കൈമാറരുതെന്ന് അതോറിറ്റി പ്രത്യേകം ഓർമ്മിപ്പിച്ചു.
വ്യാജ വെബ്സൈറ്റുകളും ഫിഷിംഗ് സന്ദേശങ്ങളും ഉപയോഗിച്ച് സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന രീതിയാണ് തട്ടിപ്പുകാർ പ്രധാനമായും ഉപയോഗിക്കുന്നത്. വഞ്ചനാപരമായ സന്ദേശങ്ങളോടും ഫോൺ കോളുകളോടും പ്രതികരിക്കുന്നതിന് മുൻപ് അവയുടെ സത്യാവസ്ഥ ഉറപ്പുവരുത്തണമെന്ന് സ്വദേശികളോടും പ്രവാസികളോടും അധികൃതർ ആവശ്യപ്പെട്ടു.



