കുവൈത്ത് സിറ്റി, ഓഗസ്റ്റ് 6: മുബാറക് അൽ-കബീർ ഗവർണറേറ്റിലെ ഒരു സ്വകാര്യ വീട്ടിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മധുര പലഹാര നിർമാണ കേന്ദ്രം പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ (PAFN) അധികൃതർ കണ്ടെത്തി. മുബാറക് അൽ-കബീർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന.പരിശോധനയിൽ, ആവശ്യമായ ലൈസൻസുകളോ അനുമതികളോ ഇല്ലാതെ വീട്ടിൽ തന്നെ മധുര പലഹാരങ്ങളും ബേക്കറി ഉൽപ്പന്നങ്ങളും തയ്യാറാക്കി വിതരണം ചെയ്യുകയും വിൽപ്പന നടത്തുകയും ചെയ്തതായി കണ്ടെത്തി.
റെയ്ഡിൽ 26 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ ഏകദേശം 30 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും, ഉറവിടം വ്യക്തമല്ലാത്തതും മായം കലർത്തിയതുമായ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
കൂടാതെ, സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റില്ലാതെ ഭക്ഷ്യവ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന 11 തൊഴിലാളികളെയും കണ്ടെത്തി. ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിനും മറ്റ് ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനുമുള്ള നടപടികളും സ്വീകരിച്ചു.ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി രാജ്യത്തുടനീളം പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ അറിയിച്ചു.



