കുവൈത്ത് സിറ്റി, ഓഗസ്റ്റ് 21: മയക്കുമരുന്നുകളും സൈക്കോട്രോപിക് ഗുളികകളും മദ്യവും വിൽപ്പനയ്ക്കും വ്യക്തിഗത ഉപയോഗത്തിനുമായി കൈവശം വെച്ചെന്ന കേസിൽ മൂന്ന് പേരെ കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു.
പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിനും അന്വേഷണത്തിനുമൊടുവിലാണ് അറസ്റ്റ്. അനധികൃത ഇടപാടുകളിലൂടെ ലഭിച്ച പണം മറച്ചുവയ്ക്കുന്നതിനായി അതിന്റെ ഒരു ഭാഗം സ്വർണമായും വിലകൂടിയ ആഡംബര വാച്ചുകളായും മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പ്രതികളിൽ നിന്ന് 120 ലിറിക്ക ക്യാപ്സൂളുകൾ, 150 ഗ്രാം ലിറിക്ക പൗഡർ, 60 സൈക്കോട്രോപിക് ഗുളികകൾ, മൂന്ന് കുപ്പി മദ്യം, ഒരു ഡിജിറ്റൽ തൂക്കയന്ത്രം എന്നിവ പിടിച്ചെടുത്തു.ഇതോടൊപ്പം അനധികൃത വിൽപ്പനയിലൂടെ ലഭിച്ചതായി കരുതുന്ന 40,000 കുവൈത്ത് ദിനാർ പണവും അധികൃതർ കണ്ടെടുത്തു.
ഏകദേശം 50,000 ദിനാർ വിലമതിക്കുന്ന നാല് ആഡംബര വാച്ചുകളും, ഏകദേശം 3.11 ലക്ഷം കുവൈത്ത് ദിനാർ വിലവരുന്ന ഏഴ് കിലോഗ്രാം സ്വർണവും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. മയക്കുമരുന്ന്, മദ്യവ്യാപാരത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണ് ഇവ വാങ്ങിയതെന്നാണ് അധികൃതരുടെ കണ്ടെത്തൽ.
മയക്കുമരുന്ന് വ്യാപാരം തടയുന്നതിനൊപ്പം അതിലൂടെ ലഭിക്കുന്ന അനധികൃത സമ്പാദ്യത്തിന്റെ ഉറവിടവും പണം മറച്ചുവയ്ക്കാൻ ഉപയോഗിക്കുന്ന രീതികളും കണ്ടെത്തുന്നതിനുള്ള നടപടികൾ ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.അറസ്റ്റിലായ മൂന്ന് പേരെയും പിടിച്ചെടുത്ത വസ്തുക്കളോടൊപ്പം തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.



