കുവൈത്ത്സിറ്റി: കുവൈറ്റിലെ ജഹ്റ പച്ചക്കറി മാർക്കറ്റിൽ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്വദേശി പൗരനുമായി കൈയേറ്റത്തിൽ ഏർപ്പെട്ട രണ്ട് ഏഷ്യൻ പ്രവാസികളെ അഡ്മിനിസ്ട്രേറ്റീവ് ഡിപോർട്ടേഷൻ ഡിപ്പാർട്ട്‌മെന്റിലേക്ക് (നാടുകടത്തൽ കേന്ദ്രം) മാറ്റി. പച്ചക്കറികളുടെ അമിതവിലയെച്ചൊല്ലി സ്വദേശിയും കടയിലെ കച്ചവടക്കാരനും തമ്മിൽ ആരംഭിച്ച വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
കച്ചവടക്കാരനും കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയും ചേർന്ന് തന്നെ വിപണിക്കുള്ളിൽ വെച്ച് മർദ്ദിച്ചതായി സ്വദേശി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ ജഹ്റ സുരക്ഷാ ഉദ്യോഗസ്ഥർ തർക്കത്തിലേർപ്പെട്ട രണ്ട് ഏഷ്യൻ പ്രവാസികളെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ സ്വദേശിയാണ് തങ്ങളെ ആദ്യം ഉപദ്രവിച്ചതെന്ന് പ്രവാസികൾ അവകാശപ്പെട്ടെങ്കിലും, പോലീസിന്റെ അന്വേഷണത്തിൽ ഈ വാദം തെറ്റാണെന്ന് തെളിഞ്ഞു.
വ്യാജ മൊഴി നൽകുകയും പൊതുസ്ഥലത്ത് വച്ച് സംഘർഷമുണ്ടാക്കുകയും ചെയ്തതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പ്രകാരം ഇരുവരെയും നാടുകടത്താൻ തീരുമാനിക്കുകയായിരുന്നു.പൊതുവിപണികളിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനും സംഘർഷങ്ങൾ തടയുന്നതിനുമായി ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് സുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി.



