കുവൈത്ത് സിറ്റി: അമീറിന്റെ അധികാരത്തെയും പദവിയെയും അധിക്ഷേപിക്കൽ, ഭീകര സംഘടനയായ ഐസിസിന് സാമ്പത്തിക സഹായം നൽകൽ, സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള രാജ്യസുരക്ഷാ കേസുകളിൽ കുവൈത്ത് സ്വദേശിക്ക് അഞ്ച് വർഷത്തെ തടവുശിക്ഷ വിധിച്ച് സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീൽ കോടതി. സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി അറസ്റ്റ് ചെയ്ത പ്രതിയെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറുകയായിരുന്നു. അമീറിന്റെ വ്യക്തിത്വത്തെ പൊതുമധ്യത്തിൽ അധിക്ഷേപിച്ചതിനും അമീറിന്റെ അധികാരത്തെ ചോദ്യം ചെയ്തതിനും പബ്ലിക് പ്രൊസിക്യൂഷൻ ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരുന്നു.
ഐസിസ് ഭീകര സംഘടനയ്ക്ക് സാമ്പത്തിക സഹായം നൽകിയതിനും, നിയമവിരുദ്ധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിൽ സംഘടനയുടെ തലവന്മാരിൽ നിന്ന് പരിശീലനം നേടിയതിനും ഇയാൾക്കെതിരെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ കുവൈത്തിൽ താമസിച്ചുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും രാജ്യത്തിന്റെ ദേശീയ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് അപ്പീൽ കോടതി അഞ്ച് വർഷത്തെ തടവുശിക്ഷ ശരിവെച്ചത്.



