കുവൈത്ത്സിറ്റി: യുനെസ്കോയുടെ അറുപതാം അന്താരാഷ്ട്ര സാക്ഷരതാ ദിനാചരണത്തിൽ പങ്കുചേർന്ന് കുവൈത്ത്. “ജനങ്ങളും ഭൂമിയും സമൃദ്ധിയും സാക്ഷരതയിലൂടെ” എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ദിനാചരണം നടന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള ആഗോള പുരോഗതി വിലയിരുത്തുന്നതിനൊപ്പം രാജ്യത്ത് നിരക്ഷരത നിർമ്മാർജ്ജനം ചെയ്യുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കാൻ കുവൈത്തിന് സാധിച്ചിട്ടുണ്ട്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി നിരവധി മുതിർന്നവരുടെ വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. യുനെസ്കോയുടെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം കുവൈത്തിൽ സ്ത്രീ സാക്ഷരതയും ഉന്നത വിദ്യാഭ്യാസ പ്രവേശനവും പൂർണ്ണതയിലേക്ക് അടുക്കുകയാണ്. പ്രത്യേകിച്ച് ശാസ്ത്ര സാങ്കേതിക മേഖലകളിൽ സ്ത്രീകളുടെ സാന്നിധ്യം വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് സ്ത്രീകളിലെ നിരക്ഷരതാ നിരക്ക് കേവലം രണ്ട് ശതമാനവും പുരുഷന്മാരിൽ 0.14 ശതമാനവുമാണ്.
1957 മുതൽ തന്നെ രാജ്യത്തുടനീളം സാക്ഷരതാ കേന്ദ്രങ്ങൾ ആരംഭിച്ച കുവൈത്ത്, സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കാൻ ശക്തമായ നിയമനിർമ്മാണങ്ങളും നടത്തിയിട്ടുണ്ട്. 1965 ലെ നിർബന്ധിത വിദ്യാഭ്യാസ നിയമപ്രകാരം പ്രാഥമിക തലം മുതൽ വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമാണ്. ഇതിനാവശ്യമായ ഭൗതിക സാഹചര്യങ്ങളും അധ്യാപകരെയും പഠനോപകരണങ്ങളും സൗജന്യമായി ലഭ്യമാക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.



