കുവൈത്ത് സിറ്റി: ജിസിസി രാജ്യങ്ങൾക്കായി ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പിലാക്കാനുള്ള തീരുമാനം ഗൾഫ് മേഖലയുടെ സാമ്പത്തിക, വിനോദസഞ്ചാര മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ. ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പ്രഖ്യാപിച്ച ഈ പദ്ധതി, കുവൈത്ത് അടക്കമുള്ള ഗൾഫ് രാജ്യങ്ങളെ ആഗോളതലത്തിൽ മുൻനിര ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റാൻ സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധൻ അഹമ്മദ് അൽ ഖഷ്നാം വ്യക്തമാക്കി. വിദേശ മൂലധന നിക്ഷേപങ്ങൾ വൻതോതിൽ ആകർഷിക്കാനും സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കാനും ഇതിലൂടെ സാധിക്കും.
പരമ്പരാഗത എണ്ണ അധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയിൽ നിന്നുള്ള മാറ്റത്തിന് വേഗത കൂട്ടാൻ ഈ തീരുമാനം പ്രധാന പ്രേരക ശക്തിയാകും. ആറ് ഗൾഫ് രാജ്യങ്ങളെയും ഒറ്റ വിനോദസഞ്ചാര കേന്ദ്രമായി ആഗോളതലത്തിൽ ഉയർത്തിക്കാട്ടാൻ ഇതിലൂടെ സാധിക്കും. കുവൈത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ഭാവി സാമ്പത്തിക ലക്ഷ്യങ്ങൾക്കും പുതിയ വിസ സമ്പ്രദായം വലിയ ഊർജ്ജം പകരുമെന്നാണ് വിലയിരുത്തൽ. അയൽരാജ്യങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെ കുവൈത്തിലേക്ക് കൂടി ആകർഷിക്കാൻ ഇത് വഴിയൊരുക്കും.
വ്യാപാരം, ഷോപ്പിംഗ്, കുടുംബസമേതമുള്ള വിനോദങ്ങൾ എന്നിവ സമന്വയിപ്പിച്ചുള്ള സവിശേഷമായ ടൂറിസം സംസ്കാരമാണ് കുവൈത്തിനുള്ളത്. ഗൾഫ് തലസ്ഥാനങ്ങൾക്കിടയിൽ തടസ്സമില്ലാതെ സഞ്ചരിക്കാൻ വിദേശികൾക്ക് സാധിക്കുന്നതോടെ ഹോട്ടലുകൾ, റിസോർട്ടുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി മേഖലകൾ എന്നിവയിൽ വൻ വളർച്ചയും ഉയർന്ന ഒക്യുപെൻസി നിരക്കും പ്രതിക്ഷീക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.



