കുവൈത്ത് സിറ്റി: രാജ്യത്തിന്റെ പാരിസ്ഥിതിക സുരക്ഷ ഉറപ്പാക്കുന്നതിനും സാധ്യമായ പാരിസ്ഥിതിക അപകടങ്ങളെ നേരിടാനുള്ള സന്നദ്ധത വർദ്ധിപ്പിക്കുന്നതിനുമായി 6 പ്രധാന മേഖലകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രത്യേക സർക്കാർ കർമ്മപദ്ധതിക്ക് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. മേഖലയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, പരിസ്ഥിതി സംരക്ഷണവും പൊതുജനങ്ങളുടെ സുരക്ഷയും കൂടുതൽ ശക്തമാക്കുകയാണ് ഈ നീക്കത്തിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.
പരിസ്ഥിതി നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ വികസിപ്പിക്കുക, പാരിസ്ഥിതിക അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണ വേഗത വർദ്ധിപ്പിക്കുക, ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിന്റെ കാര്യക്ഷമത ഉയർത്തുക എന്നിവയാണ് ഈ ആറുമേഖലാ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
വികസന-സുസ്ഥിരത കാര്യ മന്ത്രാലയം സമർപ്പിച്ച സമഗ്രമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്.മേയ് 30 മുതൽ ജൂലൈ 29 വരെയുള്ള കാലയളവിൽ രാജ്യം സാക്ഷ്യം വഹിച്ച പാരിസ്ഥിതിക സംഭവങ്ങളും അവയെ നേരിടാൻ സ്വീകരിച്ച നടപടികളും റിപ്പോർട്ടിൽ വിശദമായി വിലയിരുത്തിയിട്ടുണ്ട്. കൂടാതെ ഇക്കാലയളവിൽ വിവിധ സുരക്ഷാ-സാങ്കേതിക ഏജൻസികൾ നടത്തിയ സംയുക്ത പരിശീലനങ്ങളും അടിയന്തര തയ്യാറെടുപ്പുകളും പരിശോധിച്ച് ഉറപ്പുവരുത്തിയാണ് പുതിയ സമഗ്ര പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.



