കുറഞ്ഞ നിരക്കിലുള്ള വിമാന സർവീസുകൾക്ക് പേരു കേട്ട യൂറോപ്യൻ വിമാനക്കമ്പനിയായ വിസ് എയർ യുഎഇയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. യുഎഇ കേന്ദ്രീകരിച്ചുള്ള ‘വിസ് എയർ അബുദാബി’ സർവീസ് അവസാനിപ്പിച്ച് ഒരു വർഷം തികയുമ്പോഴാണ് അബുദാബി, ദുബായ് നഗരങ്ങളിലേക്ക് വീണ്ടും സർവീസുകളുമായി വിസ് എയർ എത്തുന്നത്.
ജിദ്ദ (സൗദി അറേബ്യ), അമ്മാൻ (ജോർദാൻ) എന്നിവയാണ് വീണ്ടും സർവീസ് പുനഃരാരംഭിക്കുന്ന മറ്റ് രണ്ട് പ്രധാന നഗരങ്ങൾ. ഈ നാല് നഗരങ്ങളെയും ബന്ധിപ്പിച്ച് 12 പുതിയ റൂട്ടുകളിലായി ആഴ്ചയിൽ 49 വിമാന സർവീസുകൾ നടത്തുമെന്ന് കമ്പനി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
2020-ൽ അബുദാബിയുടെ എഡിക്യു കമ്പനിയുമായി ചേർന്നാണ് ‘വിസ് എയർ അബുദാബി’ ആരംഭിച്ചത്. എന്നാൽ എഞ്ചിൻ തകരാറുകളും ഗൾഫിലെ ചൂടുള്ള കാലാവസ്ഥയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും കാരണം 2025 സെപ്റ്റംബർ 1-ഓടെ യുഎഇ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ കമ്പനി അവസാനിപ്പിക്കുകയായിരുന്നു.



