കുവൈത്ത് സിറ്റി: തലസ്ഥാന ഗവർണറേറ്റിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ വെച്ച് പതിനെട്ടുകാരനായ കുവൈത്തി യുവാവിന് നേരെ അജ്ഞാതന്റെ ക്രൂരമായ ആക്രമണം. അക്രമത്തിൽ യുവാവിന്റെ മുഖത്തിന് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിന് ശേഷം പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് തനിക്ക് നേരിട്ട അക്രമത്തെക്കുറിച്ച് പരാതി നൽകുകയും ആശുപത്രിയിൽ നിന്നുള്ള വൈദ്യപരിശോധനാ റിപ്പോർട്ട് ഹാജരാക്കുകയും ചെയ്തു.
അക്രമത്തിൽ യുവാവിന്റെ മേൽത്താടിയെല്ലിന് ഒടിവ് സംഭവിക്കുകയും പല്ലുകൾക്ക് സമീപത്തെ അസ്ഥിക്കും മോണയ്ക്കും ആഴത്തിൽ പരുക്കേൽക്കുകയും ചെയ്തതായി മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംഭവം ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യമായി രജിസ്റ്റർ ചെയ്യാൻ പബ്ലിക് പ്രൊസിക്യൂഷൻ ഉത്തരവിട്ടു. പ്രതിയെ ഉടനടി തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനായി ക്യാപിറ്റൽ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റെസ്റ്റോറന്റിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വരികയാണെന്നും അക്രമിയെ ഉടൻ പിടികൂടുമെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.



