കുവൈറ്റ് സിറ്റി: സാധാ ഗതാഗത പരിശോധനയ്ക്കിടെ തടഞ്ഞുനിർത്തിയ നാൽപ്പതുകാരിയായ സ്വദേശി വനിതയ്ക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിത തിരിച്ചടി. തന്റെ പേരിൽ ആയിരക്കണക്കിന് കുവൈറ്റി ദിനാറിന്റെ ട്രാഫിക് പിഴ കുടിശ്ശികയുണ്ടെന്ന വിവരമാണ് ഉദ്യോഗസ്ഥരിൽ നിന്ന് ഇവർ അറിയുന്നത്. അമിതവേഗത, റെഡ് സിഗ്നൽ മറികടക്കൽ ഉൾപ്പെടെ ഡസൻ കണക്കിന് ഗുരുതരമായ നിയമലംഘനങ്ങളാണ് ഇവരുടെ സിവിൽ ഐഡിയിൽ രേഖപ്പെടുത്തിയിരുന്നത്.
വനിതയുടെ പേരിൽ ഇത്രയധികം പിഴ കുടിശ്ശിക കിടക്കുന്നത് കണ്ട് പരിശോധനയിലുണ്ടായിരുന്ന ഗതാഗത വിഭാഗം ഉദ്യോഗസ്ഥരും അത്ഭുതപ്പെട്ടു. ഒരു വാഹനത്തിലാണോ അതോ ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒന്നിലധികം വാഹനങ്ങളിലാണോ ഈ നിയമലംഘനങ്ങൾ നടന്നിട്ടുള്ളതെന്ന കാര്യം വ്യക്തമായിട്ടില്ല.
സംഭവം വലിയ ചർച്ചയായതോടെ ഇത്രയും വലിയ തുക പിഴ വരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും കുടിശ്ശിക അടയ്ക്കാതിരുന്നതിനെക്കുറിച്ചും ബന്ധപ്പെട്ട അധികൃതർ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സർക്കാർ സേവനങ്ങൾക്കുള്ള ‘സാഹെൽ’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ തനിക്ക് അറിയില്ലെന്നും, അതാണ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള മുന്നറിയിപ്പുകളും സന്ദേശങ്ങളും അറിയാതെ പോയതിന് കാരണമെന്നും വനിത ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.



