കുവൈത്ത്: കുവൈത്തിൽ അതിശക്തമായ ചൂട് തുടരുന്നു. ഞായറാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ പരമാവധി താപനില 50 ഡിഗ്രി സെൽഷ്യസിലെത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്നും വ്യാഴാഴ്ച വരെ ചില പ്രദേശങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ദറാർ അൽ അലി അറിയിച്ചതനുസരിച്ച്, ഞായറാഴ്ച തീരപ്രദേശങ്ങളിൽ ഉയർന്ന ചൂടിനൊപ്പം താരതമ്യേന ഈർപ്പമുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. രാത്രിയിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.തിങ്കളാഴ്ച മുതൽ ഈർപ്പത്തിന്റെ തോത് കുറയുമെങ്കിലും കടുത്ത ചൂട് തുടരും. വടക്കുപടിഞ്ഞാറൻ കാറ്റ് മിതമായ വേഗത്തിൽ വീശുമെന്നും പരമാവധി താപനില 47 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും പ്രവചനമുണ്ട്.
ചൊവ്വാഴ്ച മുതൽ പൊടിക്കാറ്റിന്റെ സാധ്യത വർധിക്കും. തുറസ്സായ പ്രദേശങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് പൊടിപടലങ്ങൾ ഉയർത്തിയേക്കും. ബുധൻ, വ്യാഴം ദിവസങ്ങളിലും പൊടിയുയർത്തുന്ന കാറ്റ് സജീവമായിരിക്കുമെന്നും ഈ ദിവസങ്ങളിൽ പരമാവധി താപനില 44 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ ഉച്ച സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും ആവശ്യത്തിന് വെള്ളം കുടിക്കാനും അധികൃതർ നിർദേശിച്ചു. ആഴ്ചയുടെ മധ്യത്തോടെ പ്രതീക്ഷിക്കുന്ന പൊടിക്കാറ്റിനെതിരെയും ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.



